‘ഹോപ്പിലൂടെ വിടര്‍ന്ന ആ ചിരികള്‍ ഭാവി ഇന്ത്യയുടെ വാഗ്ദാനങ്ങള്‍’; ഹോപ്പ് പദ്ധതിക്ക് കീഴിൽ മികച്ച വിജയം കരസ്ഥമാക്കി വിദ്യാർത്ഥികൾ 

കേരളാ പോലീസും വിവിധ സർക്കാർ ഏജൻസികളും മിഷൻ ബെറ്റർ ടുമോറോ -നന്മയും സംയുക്തമായി നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഹോപ്പ്.

സാമൂഹിക വെല്ലുവിളികളാലോ സ്വഭാവ-വൈകാരിക-പഠന പ്രയാസങ്ങളാലോ പൊതുപരീക്ഷയിൽ സംഭവിക്കുന്ന തോൽവി കാരണമോ ഹൈസ്കൂൾ -ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുൻപ് പഠനം ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക, തുടർ പഠനം സാധ്യമാക്കുക, ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രാപ്തമാക്കുന്ന തൊഴിൽപരമായ നിപുണതകൾ സ്വായത്തമാക്കാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.

പദ്ധതിയുടെ ഭാഗമാകുന്ന കുട്ടികളുടെ പെരുമാറ്റദൂഷ്യങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, ആത്മഹത്യാ ചിന്തകൾ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ശാസ്ത്രീയ ഇടപെടലുകളും ഹോപ്പ് സംഘടിപ്പിക്കുന്നു.

ഹോപ്പ് പദ്ധതിയുടെ ഭാഗമായി ഈ വർഷം 19 പോലീസ് ജില്ലകളിൽ നിന്ന് 394 കുട്ടികൾ എസ്എസ്എൽസി ബോർഡ് പരീക്ഷയ്ക്ക് ഹാജരായി. ഇതിൽ 365 കുട്ടികൾ പരീക്ഷയിൽ വിജയിച്ചു ഉന്നത പഠനത്തിന് യോഗ്യത നേടി. വിദഗ്ധർ വികസിപ്പിച്ചെടുത്ത ഹോപ്പ് മാനുവലിനെ അടിസ്ഥാനമാക്കി ഹോപ്പ് സെന്ററുകളിലെ തിരഞ്ഞെടുത്ത അധ്യാപകരുടെ മേൽനോട്ടത്തിലാണ് കുട്ടികൾക്കുള്ള പരിശീലന പരിപാടികൾ അരങ്ങേറിയത്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തിയാണ് അധ്യാപന-പഠന സെഷനുകൾ സംഘടിപ്പിച്ചത്. വായന, എഴുത്ത്, ഗണിതം തുടങ്ങിയപഠന നൈപുണ്യങ്ങൾ, ശാസ്ത്രം, ഭാഷാ അഭിരുചി, 21-ാം നൂറ്റാണ്ടിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറാനുള്ള കഴിവ് തുടങ്ങിയ മേഖലകളാണ് ഹോപ്പ് പരിശീലനത്തിൽ ശ്രദ്ധയൂന്നുന്നത്.

ജീവിതം ഉയർച്ച താഴ്ചകളും വിജയങ്ങളും പരാജയങ്ങളും നിറഞ്ഞതാണെന്നും താൽക്കാലിക പരാജയങ്ങൾ ശരിയായി ആത്മപരിശോധന നടത്തി തിരുത്തുകയാണെങ്കിൽ, പരാജയങ്ങളെ മഹത്തായ വിജയങ്ങളാക്കി മാറ്റാം എന്നതാണ് ഹോപ്പ് മുന്നോട്ടു വെക്കുന്ന ആശയം.

വിദ്യാഭ്യാസ സംബ്രദായത്തിൽ നിന്ന് ചെറുപ്പത്തിലേ പുറത്താകുന്ന കുട്ടികൾ ചിലരെങ്കിലും പിന്നീട് ചെന്നെത്തുന്നത് സാമൂഹ്യ വിരുദ്ധ ശക്തികളുടെ വലയങ്ങളിൽ ആണ്. പ്രത്യാശയുടെയും പുനരുജ്ജീവനത്തിന്റെയും പാതയിൽ ഈ കുട്ടികളെ മുന്നോട്ട് കൊണ്ടുപോകാനായാൽ അവരെ സമൂഹത്തിന്റെ മുതൽ കൂട്ടാക്കി മാറ്റാനാകുമെന്ന് ഹോപ്പിന്റെ ഇടപെടലുകൾ തെളിയിക്കുന്നു.

2500 ഓളം കുട്ടികൾ നാളിതുവരെ ഹോപ്പിലൂടെ വിജയം കൈവരിച്ചിട്ടുണ്ട്. ഹോപ്പ് കൂടുതൽ ഫലപ്രദമായി മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ തെയ്യാറെടുക്കുകയാണ് പദ്ധതിയുടെ സംഘാടകർ. ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേക പരിശീലനം ലഭിച്ച പരിശീലകരുടെ ടീം രൂപീകരിക്കും.

വിവിധ നൈപുണ്യ വികസന ഏജൻസികളുടെ സഹായത്തോടെ കുട്ടികൾക്ക് തൊഴിൽ നൈപുണ്യം നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും.യുനെസ്കോ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 47 ദശലക്ഷം കുട്ടികൾ പത്താം ക്ലാസ്സ് യെത്തുന്നതിനു മുൻപ് പഠനം അവസാനിപ്പിക്കുന്ന എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ മിഷൻ ബെറ്റർ ടുമോറോയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വിപുലീകരിക്കാൻ ഉദ്ദേശമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here