വ്യാജകള്ള് നിര്‍മ്മാണം; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു, അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിക്കുമെന്ന്  മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ 

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജകള്ള് നിര്‍മ്മാണ ലോബിയെ സഹായിച്ചുപോന്ന 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും ഇത് സംബന്ധിച്ച അന്വേഷണം വിജിലന്‍സ് ആന്റ് ആന്‍റികറപ്ഷന്‍ ബ്യൂറോയെ ഏല്‍പ്പിക്കാനുള്ള ശുപാര്‍ശ നല്‍കാനും ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

ആലത്തൂര്‍ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണില്‍ നിന്നാണ് വ്യാജകള്ളും സ്പിരിറ്റും കണ്ടെത്തിയത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജൂലൈ 27നാണ് വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടില്‍ നിന്ന് 1312 ലിറ്റര്‍ സ്പിരിറ്റ്, 2220 ലിറ്റര്‍ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തത്.

തുടര്‍ന്ന് എക്‌സൈസ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ വീട്ടില്‍ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയല്‍ ബാലന്‍സ് കാണിക്കുന്ന കമ്പ്യൂട്ടര്‍‌സ്റ്റേറ്റ്‌മെന്റ്, ചില ക്യാഷ്ബുക്കുകള്‍, വൗച്ചറുകള്‍ എന്നിവ കണ്ടെടുക്കുകയുണ്ടായി. ഈ രേഖകളില്‍ നിന്നാണ് വ്യാദ മദ്യലോബിയുമായി ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭിച്ചത്.

ജില്ലാതലം മുതല്‍ റേഞ്ച് തലം വരെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെ, വര്‍ഷങ്ങളായി വ്യാജകള്ള് നിര്‍മ്മാണം നടന്നുവരികയായിരുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്. എക്‌സൈസ് വകുപ്പിന്റെ തന്നെ സ്തുത്യര്‍ഹമായ ഇടപെടലിന്റെ ഭാഗമായാണ് ഈ അവിശുദ്ധ ബന്ധത്തെ തകര്‍ക്കാനും വ്യാജകള്ള് ലോബിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും സാധിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി.

ആലത്തൂര്‍ റെയ്ഞ്ച് ഓഫീസില്‍ 93/2021 ക്രൈംനമ്പറില്‍ ഒമ്പത് പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ സമഗ്രവും വിശദവുമായ അന്വേഷണം നടക്കേണ്ടതിനാലാണ് കേസ് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറുന്നത്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത എക്‌സൈസ് വകുപ്പ് പുലര്‍ത്തുന്നുണ്ട് എന്നുറപ്പുവരുത്തും.

രഹസ്യമായി ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി വിവരങ്ങളൊന്നും ചോര്‍ന്നുപോകാതെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതില്‍ വിജയിച്ച എക്‌സൈസ് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍ ഐ പി എസ്, വിജിലന്‍സ് എസ് പി മുഹമ്മദ് ഷാഫി, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തെ മന്ത്രി അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News