കേന്ദ്രത്തിന്‍റെ ഇരുട്ടടി തുടരുന്നു; രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

കേന്ദ്രത്തിന്‍റെ ഇരുട്ടടി തുടരുന്നു. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 102 കടന്നു. 17 ദിവസത്തിനിടെ ഒമ്പതാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇരുട്ടടി തുടരുകയാണ്. ഇന്ന് നേരം ഇരുട്ടി വെളുത്തപ്പോള്‍ പെട്രോളിന് കൂട്ടിയത് 30 പൈസ. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 102രൂപ 6 പൈസയായി.

തിരുവനന്തപുരത്താകട്ടെ വില 104ന് തൊട്ടടുത്തെത്തി. 103 രൂപ 95 പൈസയാണ് തിരുവനന്തപുരത്ത് ഇന്നത്തെ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. അതേസമയം, പലയിടത്തും 95 പിന്നിട്ട ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസം തുടങ്ങി ഒമ്പതാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ക‍ഴിഞ്ഞ മാസം 16തവണ വിലകൂട്ടിയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നതാണ് രാജ്യത്ത് ഇന്ധനവില വര്‍ധനവിന് കാരണമാകുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ ന്യായം. എന്നാല്‍ കണക്കുക‍ള്‍ പരിശോധിച്ചാല്‍ അത് വെറും തൊടുന്യായമാണെന്ന് ബോധ്യമാകും.

ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ  2014ൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് 105.30 ഡോളർ വിലയുണ്ടായിരുന്നപ്പോൾ ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപയായിരുന്നു വില. എന്നാല്‍ 7 വര്‍ഷത്തിനിപ്പുറം അന്താരാഷ്ട്ര വില 30  ഡോളറിലധികം ഇടിഞ്ഞ് 75 ഡോളര്‍ നിരക്കിലെത്തിയപ്പോൾ പെട്രോള്‍ വില 103 കടന്നിരിക്കുന്നു. ഇക്കാലത്തിനിടക്ക് 29 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കൂട്ടിയത്.

അധികാരത്തിലെത്തിയാല്‍ 50 രൂപക്ക് പെട്രോള്‍ നല്‍കുമെന്നായിരുന്നു ബിജെപി വാഗ്ദാനം. എന്നാല്‍ അധികാരത്തിലേറി 7 വര്‍ഷം പിന്നിടുമ്പോള്‍ പെട്രോളിന് ജനം നല്‍കേണ്ടി വരുന്നത് 103 രൂപ.

ക‍ഴിഞ്ഞ വര്‍ഷം ലോക്‌ഡൗണ്‍ കാലത്ത് എണ്ണവില ബാരലിന് 19 ഡോളർവരെ താഴ്‌ന്നിട്ടും കുറച്ചത്‌ വെറും 25  പൈസയാണ്.2014ൽ പെട്രോളിന് 9.48  രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതിയെങ്കിൽ ഇപ്പോഴത്‌ 32.90 രൂപയും 31.80 രൂപയുമാക്കി വര്‍ധിപ്പിച്ചു.അതായത് ക്രൂഡോയില്‍ വില കുറയുമ്പോ‍ഴും ഭീമമായ നികുതി ചുമത്തിയാണ് കേന്ദ്രസർക്കാർ ഇന്ധനക്കൊള്ള നടത്തുന്നതെന്ന് ചുരുക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here