പടിഞ്ഞാറൻ യൂറോപ്പിൽ മിന്നൽ പ്രളയം; മരണം 126 ആയി

പടിഞ്ഞാറൻ യൂറോപ്പിൽ പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി. ജർമനി, ബൽജിയം എന്നിവിടങ്ങളിലാണ് കൂടുതൽ നാശം. നെതര്‍ലന്‍റ്സ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷം.

കനത്ത മ‍ഴയെ തുടര്‍ന്നുണ്ടായ പ്രളയം ഏറ്റവും കൂടുതല്‍ ആക്രമിച്ചത് ജര്‍മനിയെയാണ്. ജര്‍മനിയില്‍ മാത്രം 106 പേരാണ് മരിച്ചത്. 1300 പേരെ കാണാതായെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. കൂടുതല്‍ ജീവന്‍ നഷ്ടപ്പെട്ടത് റൈൻലാൻഡ് സംസ്ഥാനത്താണ്. അവിടെ ഭിന്നശേഷിക്കാരെ പാർപ്പിച്ചിരുന്ന ഭവനത്തിലെ 12 പേരടക്കം 60 പേർക്ക് ജീവൻ നഷ്ടമായി.

നോർത്ത് റൈൻ സംസ്ഥാനത്ത് 43 പേർ മരിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നേറുന്നുണ്ടെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുമെന്നും ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്മര്‍ പ്രതികരിച്ചു.

ബൽജിയത്തിൽ 18 പേർ മരിച്ചതായി ആഭ്യന്തരമന്ത്രി അനേലിസ് വെര്‍ലിണ്ടന്‍ അറിയിച്ചു. 19 പേരെ കാണാതായി. ബൽജിയത്തിൽ ലീജിലാണ് കൂടുതൽ നാശമുണ്ടായത്. ബല്‍ജിയത്തില്‍ നിന്ന് നെതര്‍ലന്‍റ്സിലേക്ക് ഒ‍ഴുകുന്ന മ്യൂസ് നദിയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്.

നെതർലൻഡ്സിലെ തെക്കൻ പ്രവിശ്യയായ ലിംബർഗിൽ തടയണ പൊട്ടിയതിനെ തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നു. വെള്ളത്തിലായ വെൻലോ, വാൾക്കൻബർഗ് നഗരങ്ങളിൽ നിന്ന് ആശുപത്രി അന്തേവാസികളുള്‍പ്പെടെ മുഴുവൻ പേരെയും ഒഴിപ്പിക്കുന്നതിനുള്ള നീക്കമാരംഭിച്ചു. ജർമനിയുടെയും ബൽജിയത്തിന്റെയും പ്രളയബാധിത പ്രദേശങ്ങൾക്കിടയിലാണ് ഈ ഡച്ച് നഗരങ്ങൾ.

ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്. 200 വർഷത്തിനിടെ യൂറോപ്പ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് പടിഞ്ഞാറന്‍ യൂറോപ്പിനെ മുക്കിക്കൊല്ലുന്നത്‍. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള കനത്ത മഴയാണ് പ്രളയ കാരണമെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News