തൃത്താല പീഡനക്കേസ്; പട്ടാമ്പിയിലെ വിവാദ ലോഡ്ജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് പൊലീസ്

തൃത്താല പീഡനക്കേസിലെ വിവാദമായ പട്ടാമ്പിയിലെ ലോഡ്ജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് പൊലീസ്. ലോഡ്ജിന്‍റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് തൃത്താല പൊലീസ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ ഈ മാസം 21 ലേക്ക് മാറ്റി.

പട്ടാമ്പിയില്‍ ഭാരതപ്പു‍ഴയോട് ചേര്‍ന്ന് ന്യൂവേള്‍ഡ് റിജന്‍സി അടച്ചു പൂട്ടണമെന്ന് ആവശ്യമുന്നയിച്ച് തൃത്താല സിഐയാണ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തൃത്താല പീഡനവുമായി ബന്ധപ്പെട്ട് ചാലിശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍, തൃത്താല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍, പട്ടാമ്പി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തൃത്താല കറുകപുത്തൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് പ്രതി അഭിലാഷിന്‍റെ നേതൃത്വത്തില്‍ ലോഡ്ജില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്നെന്നും ഒന്‍പത് പേര്‍ പങ്കെടുത്തെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. ലഹരി മരുന്ന് പാര്‍ട്ടിയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ലോഡ്ജ് കേന്ദ്രീകരിച്ച് രണ്ട് പീഡനങ്ങള്‍ നടന്നിട്ടുണ്ട്. അമിത ലാഭമുണ്ടാക്കുന്നതിനായി പണം വെച്ചുള്ള ചീട്ടുകളിയുള്‍പ്പെടെ നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലോഡ്ജില്‍ പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകളാണ് ലോഡ്ജുമായി ബന്ധപ്പെട്ടുള്ളത്.  ഈ സാഹചര്യത്തിലാണ് ലോഡ്ജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം, പോക്സോ വകുപ്പുകള്‍ ചുമത്തിയ പ്രതികളായ മുഹമ്മദിനെയും നൗഫലിനെയും കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പാലക്കാട് പോക്സോ കോടതി ബുധനാ‍ഴ്ചത്തേക്ക് മാറ്റി വെച്ചു. ആലത്തൂര്‍ സബ്ജയിലിലുള്ള പ്രതി മുഹമ്മദിന് കൊവിഡ് സ്ഥിരീകരിക്കുകയും കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു പ്രതിയുമായി സന്പര്‍ക്കമുള്ള നൗഫല്‍ നിരീക്ഷണത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കോടതി കസ്റ്റഡി അപേക്ഷ നീട്ടി വെച്ചത്.

മയക്കുമരുന്ന് സംഘത്തില്‍ ഉള്‍പ്പെട്ടവരുമായി ബന്ധപ്പെട്ടാണ് നിലവില്‍ കേസന്വേഷണം മുന്നോട്ട് പോവുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here