ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്കെന്ന പേരില്‍ ആര്‍എസ്എസ്-ബിജെപി തട്ടിപ്പ്; സ്ഥാപനത്തിന്റെ ഉടമ ആര്‍എസ്എസ് മുന്‍ ജാഗരണ്‍ പ്രമുഖ്

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ ധനകാര്യ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പ്. ഹിന്ദുസ്ഥാന്‍ ഡെവലപ്മെന്‍റ് ബാങ്ക് ആരംഭിക്കാനെന്ന പേരിലാണ് നിക്ഷേപമായും ഓഹരിയായും വ്യാപകമായി പണം പിരിച്ചെടുത്തത്. എന്നാല്‍ സ്ഥാപനം തുടങ്ങാതെ വഞ്ചിച്ചുവെന്നാണ് പരാതി. നിക്ഷേപകരുടെ പരാതിയില്‍ കേസെടുത്ത ചെര്‍പ്പുളശ്ശേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ലഘുവായ്പകള്‍ക്കും- നിക്ഷേപങ്ങള്‍ക്കുമായുള്ള ധനകാര്യ സ്ഥാപനം ആരംഭിക്കുന്നുവെന്ന പേരിലാണ് ചെര്‍പ്പുളശ്ശേരിയില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പ് നടത്തിയത്.

ഹിന്ദുസ്ഥാന്‍ ഡെവലപ്മെന്‍റ് ബാങ്ക് നിധി ലിമിറ്റഡ് എന്ന പേരിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. ഹിന്ദുക്കള്‍ക്ക് മാത്രമായുള്ള ബാങ്ക് എന്ന പ്രചാരണം നടത്തിയാണ് വ്യാപകമായി പണം പിരിച്ചത്. ഓഹരി ഉടമകളായി അന്‍പതോളം പേരെയാണ് ഉള്‍പ്പെടുത്തിയത്.

1 ലക്ഷം രൂപ മുതല്‍ മുകളിലോട്ട് ഓരോരുത്തരില്‍ നിന്നും ഓഹരിയായി വാങ്ങിച്ചു. എന്നാല്‍ ഓഹരി ഉടമകള്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനോ സ്ഥാപനം തുടങ്ങാനോ തയ്യാറായില്ല. ഇതിനു പുറമെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചു.

സ്ഥാപനത്തിന്‍റെ ചെയര്‍മാനും ആര്‍എസ്എസ് മുന്‍ ജാഗരണ്‍ പ്രമുഖുമായ സുരേഷ് കൃഷ്ണ പണം തട്ടിയെടുത്തുവെന്ന് കാണിച്ച് നിലവില്‍ ചെര്‍പ്പുളശ്ശേരി പൊലീസില്‍ രണ്ട് പരാതികളാണുള്ളത്. രണ്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് തൃക്കടീരി സ്വദേശികളായ പ്രദീപ്, ഭാര്യ അമൃത എന്നിവരാണ് പരാതി നല്‍കിയത്. പൊലീസ് കേസെടുത്തതോടെ സുരേഷ് കൃഷ്ണ ഒളിവിലാണ്. ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ബിജെപി മണ്ഡലം സെക്രട്ടറി വിനോദ് കുളങ്ങര രംഗത്ത് വന്നു.

എന്നാല്‍, സ്ഥാപനത്തിന്‍റെ പേരില്‍ പിരിച്ച പണം സുരേഷ് കൃഷ്ണ വ്യക്തിപരമായി ഉപയോഗിച്ചുവെന്നും സംഘടനയ്ക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ആര്‍എസ്എസ്-ബിജെപി വിശദീകരണം. എന്നാല്‍ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലുള്ള 9 ആര്‍എസ്എസ് ബിജെപി നേതാക്കളുടെ ഫോട്ടോയുള്‍പ്പെടെ പരസ്യപ്പെടുത്തി സുരേഷ് കൃഷ്ണ ഫേസ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

താന്‍ ഒറ്റയ്ക്ക് ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും സംഘടനയ്ക്കകത്തെ പ്രശ്നങ്ങളാണ് നിലവിലെ വിവാദത്തിന് കാരണമെന്നുമാണ് സുരേഷ് കൃഷ്ണയുടെ വിശദീകരണം. ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ തന്നെ ചെയര്‍മാനെതിരെ പരാതി നല്‍കി നിക്ഷേപകരെയും ഓഹരി ഉടമകളെയും കബളിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here