തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട്; ചടങ്ങിൽ പങ്കെടുത്തത് 15 ആനകൾ

കർക്കിടകം പിറന്നതോടെ തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ 15 ആനകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പൊതുജനങ്ങൾക്കും ഈ വർഷം പ്രവേശനം അനുവദിച്ചിരുന്നില്ല. 4 വർഷത്തിലൊരിക്കലുള്ള ഗജപൂജയും ഇത്തവണ നടന്നു.

തൃശൂർ പൂരത്തിന് ശേഷം വടക്കുംനാഥന്റെ മണ്ണിൽ ഏറ്റവും അധികം ആനകൾ പങ്കെടുക്കുന്ന ചടങ്ങാണ് കർക്കിടകം ഒന്നിന് നടക്കുന്ന ആനയൂട്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന എഴുപതിലധികം ആനകൾ ചടങ്ങിൽ പങ്കെടുക്കാറുണ്ട്.

ആയിരക്കണക്കിന് ആളുകളും സാക്ഷികളാകാറുണ്ട്. എന്നാൽ ഈ വർഷം കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ 15 ആനകളെ പങ്കെടുപ്പിച്ച് കൊണ്ട് പൊതുജനങ്ങളുടെ പങ്കാളിത്തമില്ലാതെയാണ് ആനയൂട്ട് നടന്നത്.

പാപ്പാൻമാരും ക്ഷേത്ര ഭാരവാഹികളും ഉൾപ്പടെ 50 പേർക്കാണ് പ്രവേശനം നൽകിയത്. പുലർച്ചെ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ശേഷം 4 വർഷത്തിലൊരിക്കൽ നടക്കുന്ന ഗജപൂജ തന്ത്രി പുലിയന്നൂർ ശങ്കരനാരായണ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി കൊറ്റംപ്പള്ളി നാരായണൻ നമ്പൂതിരി കുട്ടി കൊമ്പൻ വാര്യത്ത് ജയരാജിന് ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കം കുറിച്ചു.

ഔഷധമരുന്നുകൾ ചേർത്ത ചോറുരുള , തണ്ണിമത്തൻ , കരിമ്പ് , പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ എന്നിവയാണ് ആനകൾക്ക് നൽകിയത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ , റവന്യു മന്ത്രി കെ രാജൻ , ജില്ലയിലെ ജനപ്രതിനിധികൾ എന്നിവരും ആനയൂട്ടിൽ പങ്കെടുത്തു. ആനയൂട്ടോടെ കൊച്ചിൻ ദേവസ്വം ബോർഡിലെ ആനകൾക്ക് 30 ദിവസത്തെ. സുഖചികിത്സക്കും തുടക്കമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News