ADVERTISEMENT
കൊവിഡ് മഹാമാരിയ്ക്കിടയിലും ബാങ്കിങ്ങ് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിൽ കുറവില്ല. ജാഗ്രത പാലിയ്ക്കണമെന്ന് അധികൃതർ ആവർത്തിയ്ക്കുമ്പോഴും അറിയാതെ പോലും തട്ടിപ്പിൽ പെട്ടുപോകുകയാണ് പലരും.
തട്ടിപ്പു രീതി:
എസ് ബി ഐ ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് യോനോ ബാങ്കിങ്ങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന് എസ് എം എസ് സന്ദേശം അയക്കുന്നു. യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു.
തത്സമയം എസ് ബി ഐയുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസർനെയിം, പാസ് വേഡ്, ഒ ടി പി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാർത്ഥ എസ് ബി ഐ വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് അക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.
ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബർ പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.പൊതുജനങ്ങൾ അധികൃതർ നൽകുന്ന മുന്നറിയിപ്പ് കർശന പാലിച്ചാൽ ഇത്തരം തട്ടിപ്പിനിരയാകാതെ രക്ഷപ്പെടാവുന്നതാണ്.
1. എസ് ബി ഐ ബാങ്കിൽ നിന്നും എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്നും വരുന്ന എസ് എം എസ് സന്ദേശങ്ങളിൽ വിശ്വസിക്കരുത്.
2. എസ് എം എസുകളിൽ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
3. ബാങ്കിങ്ങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ യു ആർ എൽ ശ്രദ്ധിയ്ക്കുക. എസ് ബി ഐ അല്ലെങ്കിൽ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തുക.
4. സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.
തട്ടിപ്പിനിരയാകാതെ ശ്രദ്ധിയ്ക്കേണ്ടത് നാമോരുത്തരുടേയും ഉത്തരവാദിത്തം കൂടിയാണെന്നത് മറക്കാതിരിയ്ക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.