‘ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെങ്ങനെയെന്ന് അറിയില്ല’; സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് താലിബാന്‍

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ സ്പിന്‍ ബോല്‍ദാക്ക് പട്ടണത്തില്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് ഇന്നലെ റോയിട്ടേഴ്‌സ് ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് കൊല്ലപ്പെട്ടത്.

മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും അറിയില്ല. താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി. ‘ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഞങ്ങളെ അറിയിക്കാതെ യുദ്ധമേഖലയില്‍ പ്രവേശിച്ചതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ആരുടെ വെടിവയ്പിലാണ് സിദ്ദീഖി കൊല്ലപ്പെട്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എങ്ങനെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും അറിയില്ല. യുദ്ധമേഖലയില്‍ പ്രവേശിക്കുന്ന ഏതൊരു പത്രപ്രവര്‍ത്തകനും ഞങ്ങളെ അറിയിക്കണം. ആ പ്രത്യേക വ്യക്തിക്ക് പ്രത്യേക പരിഗണന നല്‍കും’ താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് സി എന്‍ എന്‍ – ഐ ബി എന്നിനോട് പറഞ്ഞു.

താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ കാണ്ടഹാറിലുണ്ടായ വെടിവെപ്പിലാണ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ചീഫ് ഫൊട്ടോഗ്രഫര്‍ സിദ്ദിഖി കൊല്ലപ്പെടുന്നത്. കഴിഞ്ഞയാഴ്ചയാണു കാണ്ടഹാര്‍ താവളത്തില്‍നിന്നുള്ള അഫ്ഗാന്‍ സേനയ്‌ക്കൊപ്പം സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനായി സിദ്ദിഖി യുദ്ധമുഖത്തേക്കു പോയത്.

താലിബാന്‍ ബുധനാഴ്ച പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാന്‍ അഫ്ഗാന്‍ സേന മുന്നേറുമ്പോള്‍ രാവിലെ സിദ്ദിഖിയുടെ കൈയ്ക്കു പരുക്കേറ്റിരുന്നു. തുടര്‍ന്ന് വൈദ്യസഹായം നല്‍കി. അതിനുശേഷം മാര്‍ക്കറ്റിലെ വ്യാപാരികളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണു താലിബാന്‍ ആക്രമണമുണ്ടായതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

2018 ല്‍ റോയിട്ടേഴ്‌സിലെ ഡാനിഷ് സിദ്ദിഖിയും അബ്ദാന്‍ ആബിദിയും സംയുക്തമായി ഫീച്ചര്‍ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്‌സര്‍ സമ്മാനം നേടിയിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയില്‍ നിന്നൊരാള്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കുറിച്ചുള്ള ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്. ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം താലിബാന്‍ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐ സി ആര്‍ സി) കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News