ഹരീഷ് റാവത്ത്- അമരീന്ദർ സിംഗ് കൂടിക്കാഴ്ച അവസാനിച്ചു; പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ

പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര പ്രശ്ന പരിഹാരത്തിനായി നടത്തിയ ഹരീഷ് റാവത്ത്- അമരീന്ദർ സിംഗ് കൂടിക്കാഴ്ച അവസാനിച്ചു. അമരീന്ദർ സിംഗ് ഉന്നയിച്ച പ്രശ്നങ്ങൾ സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഹരീഷ് റാവത്ത് വ്യക്തമാക്കി.

അതേസമയം നവജോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി പ്രഖ്യാപിക്കുന്നത് വൈകുന്നതിൽ സിദ്ധു അനുകൂല പക്ഷത്തിന് അമർഷമുണ്ട്.

രാവിലെ ചണ്ഡീഗഡിൽ എത്തിയാണ് പഞ്ചാബിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര നേതൃത്വത്തിനെ കൂടി പ്രതിസന്ധിയിൽ ആക്കി പഞ്ചാബിൽ നടക്കുന്ന നേതൃ തർക്കം ഉടൻ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസ് കനത്ത വില നൽകേണ്ടി വരും.

സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷൻ ആക്കുന്നതിന് എതിരെ അമരീന്ദർ സിംഗ് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. ഈ തീരുമാനത്തിൽ നിന്ന് അമരീന്ദർ സിംഗിനെ പിന്തിരിപ്പിക്കാൻ കൂടിയാണ് ഹരീഷ് റാവത്തിൻ്റെ ശ്രമം.

അടുത്ത തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന അമരീന്ദർ സിംഗ് ഉപ മുഖ്യമന്ത്രി സ്ഥാനം നൽകാം എന്ന വാഗ്ദാനം സിദ്ധു നേരത്തെ നിരസിച്ചിരുന്നു. ചർച്ചയിൽ അമരീന്ദർ സിംഗ് ഉന്നയിച്ച പ്രശ്നങ്ങൾ സോണിയാ ഗാന്ധിയെ അറിയിക്കാം എന്ന് ഹരീഷ് റാവത്ത് ഉറപ്പ് നൽകിയിട്ടുണ്ട്.

സോണിയാ ഗാന്ധി എടുക്കുന്ന തീരുമാനം എന്ത് തന്നെ ആയാലും അത് സ്വീകരിക്കും എന്നാണ് നിലപാട് എങ്കിലും സിദുവിനെ പിപിസിസി അധ്യക്ഷനാക്കുന്ന കാര്യം അമരീന്ദർ സിംഗ് ഇത് വരെയും അംഗീകരിച്ചിട്ടില്ല.

അതേസമയം പിപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദുവിൻ്റെ പേരിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിട്ടും പ്രഖ്യാപനം ഉണ്ടാകാത്തതിൽ സിദ്ധു അനുകൂല പക്ഷത്തിന് അമർഷം ഉണ്ട്. സോണിയാ ഗാന്ധിയെ കണ്ട് സിദ്ധു മടങ്ങി എത്തിയ ഉടൻ അമൃത്സറിൽ ഉൾപ്പടെ ആഹ്ലാദ പ്രകടനം സിദ്ധു അനുകൂല പക്ഷം നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here