ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻ നിര പോരാളികളായ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊവിഡിനെ നേരിടാൻ താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ബുദ്ധിയാണ് സർക്കാർ ഉപയോഗിക്കുന്നത് എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ലോക്ഡൗൺ ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിനെതിരെയും കേന്ദ്രമന്ത്രി ആക്ഷേപം ഉന്നയിച്ചു. ബക്രീദിന് ഇളവ് നൽകിയ സർക്കാർ ഓണത്തിനും ക്രിസ്തുമസിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്നായിരുന്നു വി മുരളീധരന്റെ പരാമർശം.

ഇതാദ്യമായല്ല കേന്ദ്രമന്ത്രി വി മുരളീധരൻ കേരളത്തിന് എതിരെ വിവാദ പരാമർശം ഉന്നയിക്കുന്നത്. കൊവിഡ് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുന്നില്ല എന്നതായിരുന്നു കേന്ദ്ര മന്ത്രിയുടെ ആക്ഷേപം.

മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ബുദ്ധിയാണ് കേരളത്തിൽ കൊവിഡിനെ നേരിടാൻ ഉപയോഗിക്കുന്നത് എന്ന് വി മുരളീധരൻ പറഞ്ഞു. കേരളത്തിൻ്റെ ആരോഗ്യ സംവിധാനത്തിൻ്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ പോലും ചർച്ചയാകുമ്പോ‍ഴാണ് കേന്ദ്ര മന്ത്രി ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നൽകിയതിന് എതിരെയും വി മുരളീധരൻ സംസ്ഥാന സർക്കാരിനെ വിമർശിച്ചു. ബക്രീദിന് ഇളവ് നൽകി ഓണത്തിനും ക്രിസ്തുമസിനും അടച്ചിടാൻ ആണ് സർക്കാരിൻ്റെ നീക്കം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് പ്രതീക്ഷിക്കപ്പെടുന്ന സമയത്ത് ആണ് ഓണം. സംസ്ഥാനത്ത് മറ്റൊരു ലോക്ഡൗണിനെ കുറിച്ച് ആലോചന പോലും നടക്കാത്ത സാഹചര്യത്തിൽ വിവേചന പരമായി സര്ക്കാര് ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യം നൽകുന്നു എന്നും ആണ് വി മുരളീധരൻ്റെ പരാമർശം സൂചിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here