പഞ്ചാബ് കോണ്‍ഗ്രസിലെ നേതൃ തര്‍ക്കത്തിന് പരിഹാരമാകുന്നു; പുതിയ തീരുമാനം ഇങ്ങനെ

പഞ്ചാബ് കോണ്‍ഗ്രസിലെ നേതൃ തര്‍ക്കത്തിന് പരിഹാരമാകുന്നു. നവജോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കിക്കൊണ്ടുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. അതെ സമയം അമരീന്ദര്‍ സിംഗിന് താല്പര്യമുള്ളവര്‍ ഉള്‍പ്പടെ നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് നിയോഗിക്കും.

അമരീന്ദര്‍ സിംഗുമായി ഇന്ന് ഹരീഷ് റാവത്ത് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് അമരീന്ദര്‍ സിംഗ് വഴങ്ങിയത്. ഏകാധിപതിയെ പോലെ പെരുമാറുന്ന അമരീന്ദര്‍ സിംഗിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സിദ്ധു നേരത്തെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷൻ ആക്കുന്നതിന് എതിരെ അമരീന്ദർ സിംഗ് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. ഈ തീരുമാനത്തിൽ നിന്ന് അമരീന്ദർ സിംഗിനെ പിന്തിരിപ്പിക്കാൻ കൂടിയാണ് ഹരീഷ് റാവത്തിൻ്റെ ശ്രമം.

അടുത്ത തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന അമരീന്ദർ സിംഗ് ഉപ മുഖ്യമന്ത്രി സ്ഥാനം നൽകാം എന്ന വാഗ്ദാനം സിദ്ധു നേരത്തെ നിരസിച്ചിരുന്നു. ചർച്ചയിൽ അമരീന്ദർ സിംഗ് ഉന്നയിച്ച പ്രശ്നങ്ങൾ സോണിയാ ഗാന്ധിയെ അറിയിക്കാം എന്ന് ഹരീഷ് റാവത്ത് ഉറപ്പ് നൽകിയിട്ടുണ്ട്.

സോണിയാ ഗാന്ധി എടുക്കുന്ന തീരുമാനം എന്ത് തന്നെ ആയാലും അത് സ്വീകരിക്കും എന്നാണ് നിലപാട് എങ്കിലും സിദുവിനെ പിപിസിസി അധ്യക്ഷനാക്കുന്ന കാര്യം അമരീന്ദർ സിംഗ് ഇത് വരെയും അംഗീകരിച്ചിട്ടില്ല.

അതേസമയം പിപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദുവിൻ്റെ പേരിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിട്ടും പ്രഖ്യാപനം ഉണ്ടാകാത്തതിൽ സിദ്ധു അനുകൂല പക്ഷത്തിന് അമർഷം ഉണ്ട്. സോണിയാ ഗാന്ധിയെ കണ്ട് സിദ്ധു മടങ്ങി എത്തിയ ഉടൻ അമൃത്സറിൽ ഉൾപ്പടെ ആഹ്ലാദ പ്രകടനം സിദ്ധു അനുകൂല പക്ഷം നടത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here