അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും

അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പുലിറ്റ്സര്‍ ജേതാവായ പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. രാത്രിയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം താലിബാന്‍ റെഡ്‌ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചിരുന്നു. ഇവിടുന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയാവും മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരിക

അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹം മരണപെട്ടത്. മുംബൈയാണ് സ്വദേശം. അഫ്ഗാന്‍ സേനയുടെ സംരക്ഷണത്തിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി ഡാനിഷ് സിദ്ദീഖി അടങ്ങുന്ന സംഘം റോക്കറ്റ് ആക്രമണം വരെ നേരിടേണ്ടി വന്നിരുന്നു.

അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഡാനിഷ് സിദ്ദീഖി. ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഡാനിഷ് ജാമിഅയില്‍ തന്നെ മാധ്യമപഠനത്തിന് ചേര്‍ന്നു.

ടെലിവിഷന്‍ ന്യൂസ് കറസ്പോണ്ടന്റ് ആയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2010ല്‍ റോയിട്ടേഴ്സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേണ്‍ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു. 2016-17 മൊസൂള്‍ യുദ്ധം, 2015ലെ നേപ്പാള്‍ ഭൂകമ്പം, രോഹിന്‍ഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ഡല്‍ഹി കലാപം, കോവിഡ് മഹാമാരി എന്നിവയുടെ നേര്‍ച്ചിത്രങ്ങള്‍ ഡാനിഷ് പുറംലോകത്തെത്തിച്ചു.

2018ലാണ് അദ്നാന്‍ ആബിദിക്കൊപ്പം പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം പകര്‍ത്തിയതിനായിരുന്നു പുരസ്‌കാരം. ഡല്‍ഹി കലാപത്തിനിടെ ഇദ്ദേഹം പകര്‍ത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തെരഞ്ഞെടുത്തിട്ടുണ്ട്. റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയാണ്. 38കാരനായ ഡാനിഷ് മുംബൈ സ്വദേശിയാണ്. ജാമിഅ വിദ്യാഭ്യാസ വിഭാഗം പ്രൊഫസറായിരുന്ന പ്രൊഫസര്‍ അഖ്തര്‍ സിദ്ദീഖിയാണ് പിതാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here