മാർഗ്ഗരേഖ വന്ന ശേഷം മാത്രം ഷൂട്ടിംഗ് തുടങ്ങിയാൽ മതിയെന്ന് സിനിമാ സംഘടനകൾ: ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയില്‍ നിന്നും കേരളത്തിലേക്ക് മാറ്റും

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ പൊതുമാർഗ്ഗ നിർദേശങ്ങൾ തയ്യാറാക്കാനൊരുങ്ങി സിനിമാ സംഘടനകൾ.പൊതുമാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറായാൽ മാത്രം ചിത്രീകരണത്തിന് ക്ലിയറൻസ് നൽകിയാൽ മതിയെന്ന് കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ ധാരണയായി. അതിനിടെ മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ നിന്നും കേരളത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു.

സർക്കാർ അനുമതി നൽകിയെങ്കിലും തിരക്കിട്ട് ഷൂട്ടിംഗ് പുനരാരംഭിക്കേണ്ടെന്ന നിലപാടിലാണ് സിനിമാ സംഘടനകൾ. കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിന് പുതിയ മാർഗ്ഗനിർദേശം തയ്യാറാക്കാൻ കേരളാ ഫിലിം ചേമ്പറും, ഫിലിം പ്രൊഡ്യുസേ‍ഴ്സ്സ്‌ അസ്സോസിയേഷനും, ഫെഫ്കയും കൊച്ചിയിൽ ചേർന്ന സംയുക്ത യോഗത്തിൽ തീരുമാനിച്ചു.

തിങ്കളാ‍ഴ്ച വൈകിട്ടോടെ പൊതുമാർഗ്ഗനിർദേശം തയ്യാറാക്കും.മാർഗ്ഗനിർദേശം അനുസരിച്ച് ഷൂട്ട്‌ ചെയ്യുവാൻ തയ്യാറാവുന്ന നിർമ്മാതാക്കൾക്ക്‌ പ്രൊഡ്യൂസേ‍ഴ്സ്സ്‌ അസ്സോസിയേഷൻ ക്ലിയറൻസ്‌ നൽകും.ക്ലിയറൻസ്‌ ലഭിക്കുന്ന നിർമ്മാതാക്കളുമായി മാത്രം സഹകരിക്കാനാണ് ഫെഫ്കയുടെ തീരുമാനം.

ഒരു ഡോസ്‌ വാക്സിൻ എങ്കിലും സ്വീകരിച്ചവർക്കും, പി സി ആർ ടെസ്റ്റിൽ നെഗറ്റീവ്‌ ആകുന്നവർക്കും മാത്രമേ ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ ക‍ഴിയൂ.ക്ലിയറൻസിനു മുമ്പ്‌ ചിത്രീകരണങ്ങൾ അനുവദിക്കുന്നതല്ലെന്നും സിനിമാ സംഘടനകൾ അറിയിച്ചു.

സർക്കാർ അനുമതിക്ക് തൊട്ടുപിന്നാലെ പീരുമേട് ഷൂട്ടിംഗ് ആരംഭിച്ച സിനിമാചിത്രീകരണം നിർത്തിവയ്ക്കാനും സംഘടനകൾ നിർദേശം നൽകി. സർക്കാർ അനുവാദം നൽകിയതോടെ കൊവിഡ് കാലത്ത് നിലച്ചുപോയ ഇരുപതോളം സിനിമകളുടെ ഷൂട്ടിംഗ് ആണ് പുന:രാരംഭിക്കാൻ ഒരുങ്ങുന്നത്.

അതിനിടെ ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ഉടൻ കേരളത്തിലേക്ക് മാറ്റുമെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ പറഞ്ഞു. ഹൈദരാബാദിൽ കുറച്ച് ദിവസത്തെ ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്. അത് പൂർത്തിയായാൽ രണ്ടാ‍ഴ്ചക്കകം കേരളത്തിൽ ചിത്രീകരണം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News