സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,66,89,600 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,20,10,450 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 46,79,150 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്.
രാജ്യത്താകെ 18 വയസിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്.അതനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 50.04 ശതമാനം പേർക്ക് ഒന്നാം ഡോസും 19.5 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
2011ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേർക്ക് ഒന്നാം ഡോസും 14 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. കൂടുതൽ വാക്‌സിൻ എത്തുന്ന മുറയ്ക്ക് പരമാവധി പേർക്ക് വാക്‌സിൻ നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.
സ്തീകളാണ് വാക്‌സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്.86,70,691 സ്ത്രീകളും, 80,16,121 പുരുഷൻമാരുമാണ് വാക്‌സിനെടുത്തത്.18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 39,84,992 പേർക്കും 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 58,13,498 പേർക്കും 60 വയസിന് മുകളിലുള്ള 68,91,110 പേർക്കും വാക്‌സിൻ നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയാണ് ഏറ്റവുമധികം പേർക്ക് വാക്‌സിൻ നൽകിയത്. തൊട്ടുപിന്നിൽ തിരുവനന്തപുരം ജില്ലയാണ്.
തുള്ളിയും കളയാതെ കിട്ടിയതിനേക്കാൾ കൂടുതൽ പേർക്ക് വാക്‌സിൻ നൽകി കേരളം ദേശീയ ശ്രദ്ധ നേടിയിരുന്നു. സംസ്ഥാനത്തിനാകെ ഇതുവരെ 1,60,87,960 ഡോസ് വാക്‌സിനാണ് ലഭ്യമായത്.
സംസ്ഥാനത്ത് ജനുവരി 16 മുതലാണ് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്.വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം മുൻഗണനാക്രമം അനുസരിച്ചാണ് വാക്‌സിൻ നൽകി വന്നത്. എന്നാൽ ജൂൺ അവസാനം മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ തുടങ്ങി.
ഏറ്റവും അവസാനമായി സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കൊവിഡ് വാക്‌സിൻ നൽകാനായി ‘മാതൃകവചം’ എന്ന പേരിൽ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളേയും രജിസ്റ്റർ ചെയ്യിപ്പിച്ചാണ് വാക്‌സിൻ നൽകുന്നത്.
ഓരോ സബ് സെന്റർ പ്രദേശത്തുള്ള മുഴുവൻ ഗർഭിണികളേയും രജിസ്റ്റർ ചെയ്യിപ്പിച്ചാണ് വാക്‌സിൻ നൽകുന്നത്. വാക്‌സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുന്ന വിധത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ നടത്തിയാണ് വാക്‌സിൻ നൽകുന്നത്.മാതൃകവചം പദ്ധതി വിജയകരമായി മുന്നേറുകയാണ്. ഇതിലൂടെ അമ്മയേയും കുഞ്ഞിനേയും ഒരുപോലെ സംരക്ഷിക്കാനാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here