മോഡി സർക്കാരിന്റെ ഫോൺ ചോർത്തൽ സംഭവ വികാസത്തെക്കുറിച്ച് മാധ്യമങ്ങൾ കാര്യമായ അന്വേഷണം നടത്തിയില്ല എന്നത് ദൗർഭാഗ്യകരം :ജോൺ ബ്രിട്ടാസ് എം പി

കേന്ദ്രസർക്കാരിന്റെ ഭാഗത്ത്‍ നിന്നുണ്ടായ ഫോൺ ചോർത്തലിന്റെ വിശദാംശങ്ങൾ ഇന്ന് രാത്രി മുതൽ പുറത്ത് വരുമെന്ന് കരുതപ്പെടുന്നു.രാഷ്ട്രീയ എതിരാളികൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവർക്ക് പുറമെ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുടെ പോലും ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തി എന്ന് മുതിർന്ന ബി ജെ പി നേതാവായ സുബ്രമണ്യസ്വാമി തന്നെ ട്വീറ്റ് ചെയ്തിരുന്നു.

രണ്ടു മൂന്നു വർഷം മുൻപ് തന്നെ ചില വിവരങ്ങൾ പുറത്ത് വന്നിരുന്നു.എന്നാൽ അതീവ ഗുരുതരമായ ഈ സംഭവവികാസത്തിന് പിന്നാലെ ഇന്ത്യൻ മാധ്യമങ്ങൾ ഒന്നും കാര്യമായ അന്വേഷണം നടത്തിയില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം എന്നും ജോൺ ബ്രിട്ടാസ് എം പി കുറിക്കുന്നു .

ജോൺ ബ്രിട്ടാസ് എം പിയുടെ കുറിപ്പിൻറെ പൂർണരൂപം:

“ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുന്ന രീതിയിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത്‍ നിന്നുണ്ടായ ഫോൺ ചോർത്തലിന്റെ വിശദാംശങ്ങൾ ഇന്ന് രാത്രി മുതൽ അനാവരണം ചെയ്യപ്പെടുമെന്ന് കരുതപ്പെടുന്നു.ഇസ്രായേൽ കമ്പനിയായ എൻഎസ്ഒയുടെ പെഗാസിസ് എന്ന ചാര സോഫ്ട്‍വെയറിലൂടെ മോഡി സർക്കാർ വ്യാപകമായി ടെലിഫോൺ ചോർത്തി എന്നാണ് വിവരം.

രാഷ്ട്രീയ എതിരാളികൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവർക്ക് പുറമെ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുടെ പോലും ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തി എന്നാണ് വിവരം.
അഞ്ചു ഭാഗങ്ങളായി ചോർത്തലിന്റെ വിശദാംശങ്ങൾ പുറത്ത് വിടാനാണ് ചില മാധ്യമങ്ങൾ തയ്യാറെടുക്കുന്നത്. ആദ്യ പട്ടികയിൽ ടെലിഫോൺ ചോർത്തലിന് വിധേയരായ മാധ്യമപ്രവർത്തകരുടെ പേരുകൾ പരസ്യപ്പെടുത്തിയേക്കും.

മന്ത്രിസഭയിലെ സഹപ്രവർത്തകരായ നിധിൻ ഗഡ്ഗരി ഉൾപ്പടെയുള്ളവരുടെ ഫോണുകൾ വ്യാപകമായി ചോർത്തിയെന്ന് വിവരമുണ്ട്. മുതിർന്ന ബിജെപി നേതാവായ സുബ്രമണ്യസ്വാമി തന്നെ ഈ കാര്യം ട്വീറ്റ് ചെയ്തിരുന്നു. ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ചോർത്തലുകളെ കുറിച്ച് രണ്ടു മൂന്നു വർഷം മുൻപ് തന്നെ ചില വിവരങ്ങൾ പുറത്ത് വന്നിരുന്നു.

എത്തിക്കൽ ഹാക്കേഴ്‌സിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഫേസ്ബുക്ക് തന്നെ ഇസ്രായേൽ കമ്പനിക്കെതിരെ കേസ് നൽകുകയുണ്ടായി. എന്നാൽ അതീവ ഗുരുതരമായ ഈ സംഭവവികാസത്തിന് പിന്നാലെ ഇന്ത്യൻ മാധ്യമങ്ങൾ ഒന്നും കാര്യമായ അന്വേഷണം നടത്തിയില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം. (രണ്ടു വർഷം മുൻപ് ഉല്ലേഖ്.എൻ.പി ഇതേ കുറിച്ച് ഓപ്പൺ മാഗസിനിൽ എഴുതിയിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.) പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് പെഗാസിസ് വെളിപ്പെടുത്തലുകൾ പുറത്തേക്ക് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News