നിഷിത് പ്രമാണിക്കിന്‍റെ പൗരത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസിന് പിറകേ തൃണമൂല്‍ കോണ്‍ഗ്രസും

കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിന്റെ പൗരത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസിന് പിറകേ തൃണമൂല്‍ കോണ്‍ഗ്രസും. പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രി ബ്രാത്യ ബസു, ഇന്ദ്രാണി സെന്‍ എന്നീ തൃണമൂല്‍ നേതാക്കളാണ് പൗരത്വം സംബന്ധിച്ച പ്രശ്‌നം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്. കൊലപാതകം ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് കേന്ദ്ര മന്ത്രിയായ നിഷിത് പ്രമാണിക്ക്.

കേന്ദ്രമന്ത്രിയായ നിഷിതിന് ആശംസയര്‍പ്പിച്ച് വന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റോടെയാണ് അദ്ദേഹത്തിന്റെ പൗരത്വം സംബന്ധിച്ച വിവാദം ഉടലെടുക്കുന്നത്. ഹരിനാഥ്പുരിന്റെ വിജയിയായ പുത്രനെന്നായിരുന്നു പോസ്റ്റില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ബംഗ്ലാദേശിലെ മതസംഘടനയായ പൂജാര്‍ മേള അയച്ച സന്ദേശത്തിന് പിന്നാലെ വിവാദം ആരംഭിച്ചു.

ബംഗ്ലാദേശിലെ ഗായ്ബന്ധ ജില്ലയിലെ പലസ്ബാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരിനാഥ്പുരിലാണ് നിഷിത് ജനിച്ചതെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി ഒരു വിദേശ പൗരനായിരിക്കാമെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നാണ് ബംഗാളിലെ മന്ത്രിയായ ഇന്ദ്രാണി സെന്‍ അഭിപ്രായപ്പെട്ടത്. നിഷീതിന്റെ പൗരത്വം ചോദ്യം ചെയ്ത് അസമില്‍ നിന്നുളള കോണ്‍ഗ്രസ് എംപിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ റിപുന്‍ ബോറ കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഒരു വിദേശപൗരന്‍ കേന്ദ്രമന്ത്രിയാണെന്നുളളത് ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

നിഷിതിന്റെ ലോക്‌സഭാ വ്യക്തിഗത വിവരങ്ങളില്‍ പശ്ചിമബംഗാളിലെ കൂച്ച് ബെഹാര്‍ ജില്ലയിലെ ദിന്‍ഹാതയാണ് അദ്ദേഹത്തിന്റെ ജന്മദേശം.
ഇതാദ്യമായല്ല നിഷിത് വാര്‍ത്തകളില്‍ നിറയുന്നത്. നിഷിത് പ്രമാണിക്കിന്റെ വിദ്യാഭ്യാസ യോഗ്യതയും തൃണമൂല്‍ നേതാക്കള്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു.

കൊലപാതമുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് മോഡി മന്ത്രി സഭയിലെ മന്ത്രിയായ നിഷിത് പ്രമാണിക്ക്. എന്നാല്‍ നിഷിതിന്റെ പൗരത്വത്തെ ചോദ്യം ചെയ്തുകൊണ്ടുളള ആരോപണങ്ങളെ ബിജെപി ശക്തമായി പ്രതിരോധിക്കുകയാണ്. ഒരാള്‍ക്കെതിരേ സംശയത്തിന്റെ വിരല്‍ ചൂണ്ടിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും തെളിവുകള്‍ നല്‍കാനുമാണ് ബിജെപിയുടെ പശ്ചിമ ബംഗാള്‍ വക്താവ് ശ്രമിക് ഭട്ടാചാര്യ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here