പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; ഫോണ്‍ ചോര്‍ത്തല്‍ വിവാദം പ്രധാന ചര്‍ച്ചയാകും

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കഴിഞ്ഞ സമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായി രാവിലെ മുതല്‍ സഭകള്‍ സമ്മേളിക്കും. 11 മുതല്‍ വൈകിട്ട് ആറുവരെയാണ് ലോക്‌സഭയും രാജ്യസഭയും ചേരുക. ആഗസ്റ്റ് 13 വരെ 19 പ്രവൃത്തി ദിനങ്ങളാണ് സമ്മേളന കാലയളവിലുള്ളത്. 30 ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

പി വി അബ്ദുള്‍ വഹാബ്, അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ഇന്ന് എം പിമാരായി സത്യപ്രതിജ്ഞ ചെയ്യും. പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയനേതാക്കളുടെയുമടക്കം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ സഭയില്‍ വലിയ പ്രതിഷേധമുയരും. മാധ്യമപ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീംകോടതി ജഡ്ജിമാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 300ഓളം പേരുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. എന്നാല്‍, വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിവര ചോര്‍ച്ച പ്രതിപക്ഷം സഭയില്‍ ശക്തമായി ഉന്നയിക്കും.

ഇതിന് പുറമെ കൊവിഡ് രണ്ടാം തരംഗ പ്രതിരോധം, വാക്‌സിന്‍ വിതരണം എന്നിവയാകും പാര്‍ലമെന്റില്‍ ഉയര്‍ന്നുവരിക. കൊവിഡില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധി, കോടതി വിധിയെ തുടര്‍ന്ന് മാറ്റം വരുത്തിയ വാക്‌സിന്‍ നയം, ആരോഗ്യമന്ത്രിയെ മാറ്റിയുള്ള മുഖം മിനുക്കല്‍ തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും.

കര്‍ഷക സമരം, ഇന്ധന വിലവര്‍ധന, സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളും പ്രതിപക്ഷം ആയുധമാക്കും. പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷകര്‍ നിശ്ചയിച്ചിട്ടുള്ള ധര്‍ണയും കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതേസമയം, എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here