സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍ വ‍ഴി അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്ത് നടത്തിയതായി കസ്റ്റംസ്

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ വ‍ഴി അർജുൻ ആയങ്കി സ്വർണ്ണക്കടത്ത് നടത്തിയതായി കസ്റ്റംസ്.സ്വർണ്ണക്കടത്ത് സംഘത്തിലേക്ക് അർജുൻ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നും കസ്റ്റംസ് എറണാകുളം എ സി ജെ എം കോടതിയെ അറിയിച്ചു.

അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയാനായി ഈമാസം 23ലേക്ക് മാറ്റി.അതേസമയം കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.

2020 മുതൽ അർജുൻ ആയങ്കി സ്വർണ്ണക്കടത്ത് നടത്തി വരികയാണെന്ന്കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.കരിപ്പൂർ വിമാനത്താവളത്തിന് പുറമെ മറ്റ് വിമാനത്താവളങ്ങൾ വ‍ഴിയും അർജുൻ സ്വർണ്ണക്കടത്ത് നടത്തിയിട്ടുണ്ട്.

സ്വർണ്ണം കടത്തിക്കൊണ്ടുവരുന്നവരെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുന്ന സംഘത്തിലും അർജുൻ പ്രവർത്തിച്ചിരുന്നു.അർജുൻറെ ഭാര്യ ഉൾപ്പടെ ഇയാളുടെ കള്ളക്കടത്തിനെക്കുറിച്ച് മൊ‍ഴി നൽകിയിട്ടുണ്ട്.ജാമ്യം നൽകിയാൽ അർജുൻ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം ഗോൾഡ് കാരിയറായ ഒന്നാം പ്രതി ഷഫീഖിന് ജാമ്യം ലഭിച്ചിട്ടും അർജുന് ലഭിക്കാത്തതിനെക്കുറിച്ച് പ്രതിഭാഗം വാദിച്ചു.കുറ്റം സമ്മതിച്ച ഷഫീഖിൻറെ ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർത്തില്ലെന്നും കുറ്റം സമ്മതിക്കാത്ത അർജുൻറെ ജാമ്യാപേക്ഷയെ എതിർക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

എന്നാൽ സ്വർണ്ണക്കടത്ത് ആസൂത്രകനെയും കാരിയറെയും ഒരുപോലെ കാണാനാവില്ലെന്ന് കസ്റ്റംസ് അഭിഭാഷകൻ വാദിച്ചു.കേസിലെ പ്രതികളായ ഷെഫീഖ്,അജ്മൽ എന്നിവരെക്കൂടാതെ അർജുൻറെ ഭാര്യ അമല,സജേഷ്,ഷാഫി എന്നിവരുടെ മൊ‍ഴിയിൽ നിന്നും അർജുന് സ്വർണ്ണക്കടത്തുമായുള്ള ബന്ധം വ്യക്തമാണെന്നും ഇവരുടെ മൊ‍‍ഴി മുദ്രവെച്ച ക‍വറിൽ സമർപ്പിക്കാമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.ജാമ്യാപേക്ഷയിൽ വിശദമായി വാദം കേട്ട കോടതി വിധി പറയാനായി ഈ മാസം 23ലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News