മങ്കി ബി വൈറസ് :രോഗബാധയുള്ള കുരങ്ങിൻ്റെ കടിയോ മാന്തോ ഏൽക്കുന്നതിലൂടെ വൈറസ് പകരാം

മങ്കി ബി വൈറസ് :ഫ്ലൂവിനു സമാനമായ ലക്ഷണങ്ങൾ:രോഗബാധയുള്ള കുരങ്ങിൻ്റെ കടിയോ മാന്തോ ഏൽക്കുന്നതിലൂടെ വൈറസ് പകരാം

അമേരിക്കയിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നതനുസരിച്ച് അത്യപൂർവമായ ഒരു ഇൻഫെക്ഷനാണ് മങ്കി ബി വൈറസ് ഇൻഫെക്ഷൻ.

മങ്കി ബി വൈറസെന്ന് മാത്രമല്ല ഈ വൈറസ് വിളിക്കപ്പെടുന്നത്. ഹെർപ്പസ് ബി, ഹെർപ്പസ് വൈറസ് സിമിയേ, ഹെർപ്പസ് വൈറസ് ബി എന്നിങ്ങനെയുള്ള പേരുകളിലും മങ്കി വൈറസ് ബി അറിയപ്പെടുന്നുണ്ട്.

നമ്മുടെ നാട്ടിൽ ‘കുരങ്ങുപനി’ എന്ന് വിളിക്കപ്പെടുന്നത് ഈ രോഗത്തെയല്ല .അത് ഫ്ലാവി വൈറിഡേ കുടുംബക്കാരായ വൈറസുകൾ കാരണം ഉണ്ടാവുന്ന കൈസനൂർ ഫോറസ്റ്റ് ഡിസീസ് എന്ന രോഗത്തെ വിളിക്കുന്ന പേരാണ്.

മുൻപ് പറഞ്ഞ CDC യുടെ റിപ്പോർട്ട് പ്രകാരം 1932ൽ ഈ വൈറസിനെ കണ്ടെത്തിയത് മുതൽ ഏതാണ്ട് അൻപതോളം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മക്കാക് (macaque) എന്നറിയപ്പെടുന്ന കുരങ്ങുവർഗത്തിലാണ് വൈറസ് കണ്ടുവരുന്നതെങ്കിലും കപ്പൂച്ചിൻ കുരങ്ങന്മാർക്കും ചിമ്പാൻസികൾക്കും ഇൻഫെക്ഷൻ ഉണ്ടാവാറുണ്ട്.

മിക്കവാറും ഈ കേസുകളിലൊക്കെയും തൊലിപ്പുറത്തെ മുറിവുകളിൽ കുരങ്ങിൽ നിന്നുള്ള ശരീരസ്രവങ്ങൾ വീഴുകയുണ്ടായിട്ടുണ്ട്.

കുരങ്ങ് കടിക്കുകയോ മാന്തുകയോ ചെയ്തപ്പൊഴോ മറ്റേതെങ്കിലും രീതിയിലോ ഒക്കെ. അതുതന്നെയാണ് ഇൻഫെക്ഷൻ കിട്ടുവാനുള്ള സാഹചര്യവും.

രോഗബാധയുള്ള കുരങ്ങിൻ്റെ കടിയോ മാന്തോ ഏൽക്കുന്നതിലൂടെ.

അതിൻ്റെ കോശങ്ങളോ ശരീരസ്രവമോ കണ്ണ്, മൂക്ക്, വായ, തൊലിപ്പുറത്തെ മുറിവുകൾ എന്നിവയിൽ വീഴുന്നതിലൂടെ.

മറ്റ് ഏതെങ്കിലും രീതിയിൽ തൊലിപ്പുറത്തെ മുറിവിലൂടെ രോഗാണു ഉള്ളിലെത്താനിടയായാൽ – ഉദാഹരണത്തിനു നമ്മുടെ വെറ്റിനറി ഡോക്ടറെപ്പോലെ കുരങ്ങനുമായി സമ്പർക്കമുണ്ടാവാനിടയാവുന്ന സാഹചര്യത്തിൽ.

ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരുന്ന ഒരേയൊരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് CDC പറയുന്നു.

ഫ്ലൂവിനു സമാനമായ ലക്ഷണങ്ങളാണ് ഇതിനുമുള്ളത്.

  • പനി,ക്ഷീണം

  • ശരീരവേദന

  • തലവേദന

  • മുറിവിന് ചുറ്റും ചെറിയ കുമിളകൾ രൂപപ്പെടാം ചിലപ്പോൾ.

  • തുടർന്ന് ശ്വാസം മുട്ടൽ, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.

  • തലച്ചോറിനെയും സുഷുമ്ന നാഡിയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് രോഗം സങ്കീർണതകളിലേക്ക് കടക്കുന്നത്.

ഇനി രോഗം വരാതിരിക്കാൻ എന്ത് ചെയ്യണമെന്നാണ് പറയാനുള്ളത്.
ലളിതമാണ്.

കുരങ്ങുകളുമായി സമ്പർക്കമുണ്ടാവാനുളള സാഹചര്യങ്ങൾ ഒഴിവാക്കുക.

അവയ്ക്ക് തീറ്റി നൽകാനോ കളിപ്പിക്കാനോ ഒന്നും ശ്രമിക്കരുത്.

ഏതെങ്കിലും സാഹചര്യത്തിൽ കുരങ്ങിൻ്റെ കടിയോ മാന്തോ ഒക്കെ ഏൽക്കാനിടയായാൽ സോപ്പ് , അയഡിൻ ഇവയിലേതെങ്കിലും ഉപയോഗിച്ച് വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക.

അതിനു ശേഷം മറ്റൊരു പതിനഞ്ച് മിനിറ്റ് കൂടി വെള്ളത്തിൽ കഴുകുക. അതിനു ശേഷം ഉടനടി വൈദ്യസഹായം സ്വീകരിക്കുക.

ഈ രോഗം എത്ര അപൂർവമാണെന്നും ഏത് സാഹചര്യത്തിലാണ് പകരാനിടയുള്ളതെന്നും വ്യക്തമാക്കിയിട്ടുള്ളതുകൊണ്ട് പരിഭ്രാന്തിക്ക് അടിസ്ഥാനമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…
എഴുതിയത് : ഡോ. നെൽസൺ ജോസഫ്
ഇൻഫോ ക്ലിനിക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News