സിനിമ ചിത്രീകരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; ലൊക്കേഷനില്‍ 50 പേര്‍ മാത്രം, പുറത്തു പോകാനാകില്ല

കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണത്തിനായി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിനിമാ സംഘടനകള്‍.  ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 ആക്കി നിജപ്പെടുത്തണം.

48 മണിക്കൂര്‍ മുമ്പുളള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും മേക്കപ്പ്, കോസ്റ്റ്യൂം വിഭാഗങ്ങള്‍ കയ്യുറകളും മാസ്കും നിര്‍ബന്ധമായും ധരിക്കണമെന്നും മുപ്പതിന മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു.

കേരള ഫിലിം ചേംബര്‍, പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍, ഫെഫ്ക, അമ്മ,  ഫിലിം ഡിസ്ട്രിബ്യൂട്ടേ‍ഴ്സ് എന്നിവരുള്‍പ്പെടുന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗമാണ് 30 ഇന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്.

സിനിമാ ലൊക്കേഷനില്‍ ആളുകളുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തണമെന്ന കര്‍ശനമായി നിര്‍ദേശം മാര്‍ഗ്ഗരേഖയിലുണ്ട്. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ പേര്, മൊബൈല്‍ നമ്പര്‍, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, 48 മണിക്കൂര്‍ മുമ്പുളള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷനും ഫെഫ്കയ്ക്കും കൈമാറണം.

ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ആരും അനാവശ്യമായി പുറത്തുപോകരുതെന്നും സന്ദര്‍ശകരെ അനുവദിക്കരുതെന്നും മാര്‍ഗ്ഗനിര്‍ദേശമുണ്ട്. എല്ലാ ദിവസവും രാവിലെ ശരീരോഷ്മാവ് അളക്കണം. എല്ലാവരും മാസ്ക് ഉപയോഗിക്കുകയും സാനിറ്റൈസര്‍ കയ്യില്‍ കരുതുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

പ്രൊഡക്ഷന്‍ അസിസ്റ്റന്‍റ്, മേയ്ക്കപ്പ് ഡിപ്പാര്‍ട്ട്മെന്‍റ്, കോസ്റ്റ്യൂം എന്നിവര്‍ ജോലിസമയത്ത് കയ്യുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. മേക്കപ്പ്മാന്‍ ആര്‍ട്ടിസ്റ്റുകളുടെ മുന്നില്‍ വച്ച് തന്നെ കൈകള്‍ സാനിറ്റൈസര്‍ ചെയ്യണം. പേപ്പര്‍ പ്ലേയ്റ്റുകളും ഗ്ലാസ്സുകളും കുടിവെളളത്തിനും ഭക്ഷണത്തിനുമായി ഉപയോഗിക്കണം. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിക്കൊളളാമെന്ന് നിര്‍മ്മാതാക്കള്‍ സത്യവാങ്മൂലം നല്‍കണം.

കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ഒടിടി ഉള്‍പ്പെടെയുളള എല്ലാ ചലച്ചിത്രങ്ങള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു. ആരോഗ്യവകുപ്പോ പൊലീസോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളോ ഷൂട്ടിംഗ് ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയാല്‍ പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഫിലിം പ്രഡ്യൂസേ‍ഴ്സിനും ഫെഫ്കയ്ക്കുമാണ് മാര്‍ഗ്ഗരേഖകള്‍ നടപ്പിലാക്കാനുളള പൂര്‍ണ ഉത്തരവാദിത്വം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News