
ഗ്രൂപ്പ് വോയ്സ്, വീഡിയോ ഗ്രൂപ്പ് കോളുകള്‍ എന്നീ ഫീച്ചറുകള്‍ക്ക് ശേഷം അതില്‍ ചേരാന്‍ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കോളുകളില്‍ നിന്ന് വേണ്ടപ്പോള്‍ ഇറങ്ങിപ്പോവാനും പിന്നീട് തിരിച്ചുവന്ന് കോളില്‍ വീണ്ടും ചേരാനും പുതിയ ഫീച്ചര്‍ സഹായിക്കും.
‘ജോയിനബിള്‍ കോള്‍സ്’ എന്നാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചറിന്റെ പേര്. വാട്‌സ്ആപ്പിന്റെ ‘calls’ (കോളുകള്‍) എന്ന ടാബിലേക്ക് പോയി ക്ഷണിക്കപ്പെട്ട ഗ്രൂപ്പ് കോളുകളിലേക്ക് ചേരാന്‍ ഈ ഫീച്ചറിലൂടെ ഇനി മുതല്‍ കഴിയും. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക.
ഈ ഫീച്ചറിനൊപ്പം ഒരു പുതിയ കോള്‍ വിവര സ്‌ക്രീനും വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. കോളില്‍ ആരെല്ലാമുണ്ടെന്ന് കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്. കോളിലേക്ക് ക്ഷണിച്ചതും എന്നാല്‍ കോളില്‍ ചേരാത്തതുമായി ആളുകളെയും ഇതില്‍ കാണിക്കും.
”ജോയിനബിള്‍ കോളുകള്‍ ആരംഭിക്കുന്നതിലൂടെ ഒരു ഗ്രൂപ്പ് കോളിന് മറുപടി നല്‍കുന്നതിന്റെ ഭാരം കുറയ്ക്കുന്നു. മാത്രമല്ല വാട്ട്സ്ആപ്പിലെ ഗ്രൂപ്പ് കോളിംഗിലേക്ക് വ്യക്തിഗത സംഭാഷണങ്ങളുടെ സ്വാഭാവികതയും എളുപ്പവും നല്‍കുന്നു,” വാട്‌സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
നിലവില്‍ ഒരു കോളില്‍ ചേരാന്‍ വിട്ടുപോയവര്‍ക്ക് വീണ്ടു അവരെ വിളിക്കാന്‍ ആവശ്യപ്പെടണമായിരുന്നു. എന്നാല്‍ പുതിയ ഫീച്ചര്‍ വന്നതോടെ ഗ്രൂപ്പ് കോളിനെ കോള്‍സ് എന്ന ടാബില്‍ കാണിക്കും. അതില്‍ ടാപ്പ് ചെയ്ത് ആ ഗ്രൂപ്പ് കോളില്‍ ചേരാനാകും.
പുതിയ അപ്‌ഡേറ്റ് എല്ലാ ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപകരണങ്ങളിലും ഉടന്‍ എത്തുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു. പുതിയ അപ്‌ഡേറ്റ് പ്രകാരം ഒരു ഗ്രൂപ്പ് കോളിലേക്ക് വരുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ജോയിന്‍, ഇഗ്‌നോര്‍ (ചേരുക, അവഗണിക്കുക) എന്നീ രണ്ട് ഓപ്ഷനുകള്‍ കാണാനാകും. ജോയിന്‍ എന്നത് ക്ലിക്ക് ചെയ്താല്‍ കോളിലേക്ക് പോകും. ഇഗ്‌നോര്‍ എന്നതാണെങ്കില്‍ ആ കോള്‍ പിന്നീട് ചേരാവുന്ന വിധത്തില്‍ വാട്‌സാപ്പിലെ കോള്‍സ് എന്ന ടാബില്‍ കാണാനാവും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here