വെള്ളക്കരം കൂട്ടില്ല, പൊതുടാപ്പുകള്‍ നിര്‍ത്തില്ല; ജലവിഭവ വകുപ്പിനെ നവീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ വകുപ്പില്‍ നവീകരണം കൊണ്ടുവരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റിയും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറിയ കാലത്തിനൊപ്പം ജലവിഭവ വകുപ്പിനെയും നവീകരിക്കും. അത്യാധുനിക യന്ത്രങ്ങള്‍ അടക്കം വകുപ്പിന് നല്‍കും. ഒക്ടോബറോടെ പത്തു സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കും. ബില്‍ അടയ്ക്കാനും ജലം പരിശോധിക്കാനും അടക്കമുള്ള സേവനങ്ങള്‍ക്കായി ഇനി പൊതുജനങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി ഓഫീസില്‍ പോകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളക്കരം കൂട്ടുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു ശതമാനം നിരക്ക് വര്‍ധിപ്പിച്ചത് പുന:പരിശോധിക്കേണ്ട കാര്യമില്ല. വകുപ്പിന്റെ നഷ്ടം നികത്തി വരുമാനം കൂട്ടാനുള്ള പദ്ധതികള്‍ പരിശോധിച്ചു വരികയാണ്. ഇപ്പോഴുള്ള രണ്ടു ലക്ഷത്തോളം പൊതുടാപ്പുകള്‍ ഒഴിലാക്കാനും പദ്ധതിയില്ല. ജലവിഭവ വകുപ്പിന്റെ കുപ്പിവെള്ള ബോട്ട്‌ലിങ് പ്ലാന്റ് മലബാറില്‍ കൂടി തുടങ്ങാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭാവിയിലെ ജലക്ഷാമം മുന്നില്‍ കണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കും. കടല്‍ വെള്ളം ശുദ്ധീകരിച്ച ഉപയോഗിക്കുന്നത് അടക്കം വിശദമായി പഠിക്കും.

സംസ്ഥാനത്ത് സമഗ്ര കമ്യൂണിറ്റി ഇറിഗേഷന്‍ പദ്ധതി കൊണ്ടുവരും. കെ.എം.മാണി ഊര്‍ജിത കാര്‍ഷിക ജലസേനച പദ്ധതി ഇതിന്റെ ഭാഗമാണ്. 2024ല്‍ ഗ്രാമീണമേഖലയിലേയും 2026ല്‍ നഗരമേഖലയിലുമുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കും.

ഗ്രാമീണ മേഖലയില്‍ മാത്രം 50 ലക്ഷം കണക്ഷന്‍ കൊടുക്കും. ജലജീവന്‍ മിഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വെള്ളക്കരം പിരിക്കുന്നതിനടക്കമുള്ള ചുമതല ആര്‍ക്കെന്ന് തദ്ദേശ സ്വയംഭരണം ഉള്‍പ്പെടെയുള്ള വകുപ്പുകളുമായി ആലോചിച്ച് തീരുമാനിക്കും.

ശമ്പള കമീഷന്‍ ശുപാര്‍ശകളിലും കൂടിയാലോചനകള്‍ക്ക് ശേഷം നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ സ്ഥലം മാറ്റം പൂര്‍ണമായും മരവിപ്പിച്ചിട്ടില്ല. അപാകതകള്‍ പരിഹരിക്കും. മാനുഷികമായ പരിഗണനകള്‍ പരിഗണിച്ച് ചില ഇളവുകള്‍ നല്‍കും. ജീവനക്കാരുടെ ക്ഷേമമാണ് മുഖ്യ പരിഗണനയെന്നും അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് പോസ്റ്റിങ് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here