വൈന്‍ അന്വേഷിച്ച് ഇനി ബിവറേജില്‍ പോകണ്ട…വീട്ടിലുണ്ടാക്കാം.. ഗുണങ്ങളേറെ…

പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണ് വൈന്‍. മുന്തിരിച്ചാറിട്ട് വാറ്റിയെടുത്ത നല്ല അസ്സല്‍ വീഞ്ഞ്. മിതമായ അളവില്‍ വൈന്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്.

ലഹരി നല്‍കുന്ന മറ്റ് പാനീയങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ്. കാരണം ഇവയിലെ ആല്‍ക്കഹോളിന്റെ ഉയര്‍ന്ന അളവും കൃത്രിമ ചേരുവകളുമെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാല്‍ വൈന്‍ അങ്ങനെയല്ല. അത് ഒരാളുടെ ശരീരത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതിന് വഴിയൊരുക്കുന്നുണ്ട്. റെഡ് വൈന്‍ കുടിയ്ക്കുന്നത് വഴി ശരീരത്തിന് ഏറെ ഗുണങ്ങളാണ് ലഭിക്കുക.

റെഡ് വൈനില്‍ റെസ്വെറട്രോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്നതാണ്. പ്രായമേറി വരുന്തോറും നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള പേശികളുടെ ചലനശേഷി നഷ്ടമായി വരാനുള്ള സാധ്യതയുണ്ട്.

യുണൈറ്റഡ് കിംഗ്ഡം ഓഫ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന റെസ്വെറട്രോള്‍ എന്ന സംയുക്തം കണ്ണുകളിലെ പേശികളുടെ അപചയത്തെ തടഞ്ഞു നിര്‍ത്താന്‍ വഴിയൊരുക്കുമെന്ന് കണ്ടെത്തി.

ദീര്‍ഘായുസ്സ് വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് വൈനിന്റെ മറ്റൊരു ഗുണം. വൈനില്‍ അടങ്ങിയിരിക്കുന്ന റെസ്വെറട്രോളുകള്‍ ഒരാളുടെ ദീര്‍ഘായുസ്സ് വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്. നിങ്ങളുടെ ശരീരത്തെ വാര്‍ദ്ധക്യ ലക്ഷണത്തില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന പ്രധാന ഘടകമാണ് പ്രോട്ടീനുകള്‍. ചര്‍മ്മത്തെ തകരാറിലാക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുത്തു നിര്‍ത്താന്‍ ശരീരത്തെ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റാണ് റെസ്വെറട്രോള്‍.

കൂടാതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, ഓര്‍മശക്തി വര്‍ധിക്കുന്നു, വിഷാദരോഗ സാധ്യത കുറയ്ക്കുന്നു തുടങ്ങി നിരവധി ഗുണങ്ങളാണ് വൈന്‍ കുടിക്കുന്നതുവഴി ലഭിക്കുക.

വൈനില്‍ ശരീരത്തിന് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിനു മുകളില്‍ പ്രയോഗിക്കുന്നത് വഴി മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയും. കരള്‍ രോഗ സാധ്യത കുറയ്ക്കുന്നു എന്നതും വൈനിന്റെ ഗുണമാണ്.

ഇത്രയേറെ ആരോഗ്യ ഗുണങ്ങളുള്ള വൈന്‍ കുടിക്കാന്‍ ഇനി ബിവറേജില്‍ പോകണമെന്നില്ല. വീട്ടില്‍ തന്നെ നല്ല രുചികരമായ വൈന്‍ തയ്യാറാക്കാം. ഇതാ വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന മുന്തിരി വൈനിന്റെ റസിപ്പി

ചേരുവകള്‍:
1. കറുത്ത മുന്തിരി – 5 കിലോ
2. പഞ്ചസാര – 2.5 കിലോ
3. ഗോതമ്പ് – 150 ഗ്രാം (ചതയ്ക്കുക)
4. ഇന്‍സ്റ്റന്റ് യീസ്റ്റ് – 7 ഗ്രാം
5. തിളപ്പിച്ചാറിയ വെള്ളം – 2.5 ലിറ്റര്‍
ആവശ്യമെങ്കില്‍
6. പട്ട – 2 വലുത്
7. ഗ്രാമ്പൂ – 8 എണ്ണം

തയ്യാറാക്കുന്ന വിധം :

വൈന്‍ ഉണ്ടാക്കുന്ന ഭരണി ചൂടുവെള്ളത്തില്‍ നന്നായി കഴുകി വെയിലത്തുവച്ച് ഉണക്കി എടുക്കുക. മുന്തിരിങ്ങ നന്നായി കഴുകി വെള്ളം തുടച്ച ശേഷം ഒരു മരത്തവി കൊണ്ട് നന്നായി ഉടയ്ക്കുക. അതിനു ശേഷം ഭരണിയില്‍ ഉടച്ച മുന്തിരിങ്ങ അതിനു മുകളില്‍ പഞ്ചസാര എന്നിങ്ങനെ ലെയര്‍ ആയി നിരത്തി ഒടുവില്‍ ചതച്ച ഗോതമ്പ്, പട്ട, ഗ്രാമ്പൂ, യീസ്റ്റ് എന്നിവയും ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കുക. ഭരണിയുടെ മുകളില്‍ കുറച്ചു സ്ഥലം വിടേണ്ടതാണ്.

ചെറുതായി ഒന്ന് ഇളക്കിയ ശേഷം തുണികൊണ്ട് പാത്രത്തിന്റെ വായ് മൂടിക്കെട്ടണം. ഒരു ദിവസം ഇടവിട്ട് മരത്തവി കൊണ്ട് നന്നായി ഇളക്കണം. 21-ാം ദിവസം നല്ല വൃത്തി ഉള്ള കോട്ടണ്‍ തുണി കൊണ്ട് വൈന്‍ മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കണം. അരിച്ചെടുത്ത വൈന്‍ വീണ്ടും ഒരു 10-20 ദിവസം തെളിയാന്‍ വെയ്ക്കുന്നത് നല്ലതാണ്. നല്ലവണ്ണം തെളിഞ്ഞ വൈന്‍ ഉണങ്ങിയ ഗ്ലാസ് ബോട്ടിലുകളില്‍ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.

ദിവസവും തുടര്‍ച്ചയായി വീഞ്ഞ് കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നില്ല. അതോടൊപ്പം കരള്‍ രോഗത്തിന്റെ പ്രശ്‌നമുള്ളവര്‍, സന്ധിവാതം ഉള്ളവര്‍, ഗര്‍ഭിണികള്‍, അല്ലെങ്കില്‍ കാന്‍സര്‍ രോഗികള്‍ എന്നിവരെല്ലാം വീഞ്ഞ് കഴിക്കുന്നത് ഒഴിവാക്കണം.

ഓരോ തവണയും വീഞ്ഞ് കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഇതിന്റെ അളവില്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം എന്നതാണ്. അതുപോലെതന്നെ ഇതിലേക്ക് വേദനസംഹാരി, ആന്റീഡിപ്രസന്റ് അല്ലെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ സംയോജിപ്പിക്കുന്നത് ഭയാനകമായ ഫലങ്ങള്‍ ഉണ്ടാക്കി വയ്ക്കുന്നതിന് കാരണമാകുന്നതാണ്. അതിനാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here