പെഗാസസ്: കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാന്‍ ചോര്‍ത്തിയത് ഈ നേതാക്കളുടെ ഫോണ്‍കോളുകള്‍

കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാനും പെഗാസിസ് ഉപയോഗിച്ചു. ഓപ്പറേഷന്‍ കമലയുടെ കാലത്ത് എച്ച് ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ പേഴ്‌സണല്‍ സെക്രട്ടറിമാരുടെയും മുന്‍ ഉപ മുഖ്യമന്ത്രി ജി പരമേശ്വരയുടെയും ഫോണുകള്‍ ചോര്‍ത്തി. ദി വയര്‍ പുറത്ത് വിട്ട മൂന്നാം ദിവസത്തിലെ പട്ടികയിലാണ് ഫോണ്‍ ചോര്‍ത്തപ്പെട്ട കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്ത് വന്നത്.

2019ലാണ് പെഗാസിസ് കര്‍ണാടകയില്‍ ഫോണ്‍ ചോര്‍ത്തലിനായി ഉപയോഗിച്ചത്. ജെഡി എസ് – കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ താഴെ ഇറക്കാനാണ് ബിജെപി കര്‍ണാടകയില്‍ ഓപ്പറേഷന്‍ കമല നടത്തിയത്. ഇതിന്റെ ഭാഗമായാണ് ഇതേ കാലയളവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയത്.

കര്‍ണാടക മുന്‍ ഉപ മുഖ്യമന്ത്രി ജി പരമേശ്വരയുടെയും അദ്ദേഹത്തിന്റെ രണ്ട് അനുയായികളുടെയും ഫോണുകള്‍ ഈ സമയം ചോര്‍ത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമിയെയൂം ചാര പ്രവര്‍ത്തനത്തില്‍ ലക്ഷ്യമിട്ടു. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ സതീഷിന്റെ രണ്ട് ഫോണുകള്‍ പെഗാസസ് ചോര്‍ത്തി. ഏറെ വര്‍ഷങ്ങളായി സിദ്ധരാമയ്യ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.

അദ്ദേഹം ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി വെങ്കിടേഷിന്റെ ഫോണിലും പെഗാസസ് ബാധ കണ്ടെത്തിയതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പെഗാസിസ് ഉപയോഗിച്ചതായി രാജ്യ സഭാ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആരോപിച്ചു. കര്‍ണാടകയില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനും ബിജെപി ചാര സോഫ്‌റ്റ്വെയറിന്റെ സഹായം തേടിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാം ദിനത്തിലെ പെഗാസസ് പ്രോജക്ടിലെ വെളിപ്പെടുത്തല്‍ കൂടുതല്‍ ഗൗരവം ഉള്ളതാണ്. സമാന രീതിയില്‍ ബിജെപിക്ക് ഭരണ നേട്ടത്തിന് വേണ്ടി പെഗാസസ് ഇതര സംസ്ഥാനങ്ങളിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയം ശക്തമാകുകയാണ്.

2017 മുതല്‍ പെഗാസസ് ഇന്ത്യയില്‍ എത്തിച്ച് ചോര്‍ത്തല്‍ നടന്നത് മോഡിയുടെ അറിവോടെ ആണെന്ന പ്രതിപക്ഷ വാദവും ഇതിനൊപ്പം ശക്തിപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പേരുകള്‍ ഉള്‍പ്പെട്ട ലിസ്റ്റ് പുറത്ത് വന്നേക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here