കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യ കുമാരി അലക്സ് തൂങ്ങിമരിച്ച നിലയില്‍

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യ കുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ഇടപ്പളളിയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് 5.45ഓടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ആക്ടിവിസ്റ്റ്, റേഡിയോ ജോക്കി, അവതാരക, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ ശ്രദ്ധേയയായിരുന്നു അനന്യ. ഒരു വര്‍ഷം മുമ്പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ ശേഷം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ കയ്യില്‍ നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സോഷ്യല്‍മീഡിയയില്‍ നിവധി തവണ അനന്യ ആരോപിച്ചിരുന്നു. സോഷ്യല്‍മീഡിയ ലൈവില്‍ വന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയും അനന്യ ശസ്ത്രക്രിയയിലുണ്ടായ ഗുരുതര പിഴവിനെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

5 ദിവസം മുമ്പ് ദ ക്യൂ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും അനന്യ തന്‍റെ അവസ്ഥ   തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനന്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശസ്ത്രക്രിയയിലെ പിഴവ് മൂലം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും ഒരു വര്‍ഷം കഴിയുമ്പോഴും നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്നില്ലെന്നും അനന്യ പറഞ്ഞിരുന്നു.

ദ ക്യൂ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനോട് അനന്യ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ

വിജയകരമായി നടക്കേണ്ട ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു എന്റേത്. കൊല്ലം ജില്ലക്കാരിയായ ഞാന്‍ 28വയസുള്ള ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ്. ആരോഗ്യരംഗത്ത് നിന്ന് ഞാന്‍ നേരിട്ട ഒരു ദുരനുഭവം. ഒപ്പം നിങ്ങളുടെ മുന്നില്‍ കൈകൂപ്പി ഒരു അപേക്ഷയും. റേഡിയോ ജോക്കിയും അവതാരകയുമായ എനിക്ക് ഇന്ന് ഒരു ജോലിയും ചെയ്യാനാകുന്നില്ല.

എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകുന്നില്ല. ലിംഗമാറ്റ ശസ്ത്രക്രിയ എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തത്.ശസ്ത്രക്രിയയില്‍ പിഴവുണ്ടായി. അത് ഡോക്ടറും സമ്മതിച്ചിരുന്നു.

പ്രധാനമായും ഡോ.അര്‍ജുന്‍ അശോകനെന്ന സര്‍ജനാണ് 2020 ജൂണ്‍ 14ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല.

ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച എനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായത്. സമാനമായി ശസ്ത്രക്രിയയില്‍ പരാജയപ്പെട്ട് ഗുരുതര പ്രശ്നം നേരിടുന്ന മറ്റ് പലരും ഉണ്ട്.

 ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. പിന്നീട് പാര്‍ട്ടിയുമായുളള അഭിപ്രായഭിന്നതയെ തുടര്‍ന്ന് പത്രിക പിന്‍വലിച്ചു.

2020 ജൂണ്‍ 14ന് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അനന്യ അതീവ ദുഃഖിതയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആത്മഹത്യ ചെയ്യാനുളള കാരണവും അതാണെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News