ത്യാഗസ്മരണകളുയർത്തി ഇന്ന്​ ബലിപ്പെരുന്നാൾ

ആത്​മ സമർപ്പണത്തി​​​​ന്റെ അനശ്വര മാതൃകയുടെ സ്​മരണകളുണർത്തി ഒരു ​ബലിപെരുന്നാൾ കൂടി.കൊവിഡ്​ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ്​ പെരുന്നാൾ ദിനം കടന്നുപോകുന്നത്​.

സൗദി അറേബ്യയിലും മറ്റ്​ അറബ്​ രാഷ്​ട്രങ്ങളിലും ചൊവ്വാഴ്​ചയായിരുന്നു പെരുന്നാൾ. ഹജ്ജിനും ഇത്തവണ പരിമിതമായ തോതിൽ മാത്രമേ വിശ്വാസികളെ അനുവദിച്ചിരുന്നുള്ളു.

സാധാരണ നിലയിൽ 30 ലക്ഷത്തോളം പേർ പങ്കെടുക്കുന്ന ഹജ്ജിൽ കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ 60,000 പേർ മാത്രമാണ് പങ്കെടുത്തത്. സൗദി പൗരൻമാരിൽ നിന്നും സൗദിയിൽ തന്നെയുള്ള വിദേശികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ ഹാജിമാർ. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും ഹജ് വളരെ പരിമിതമായ നിലയിലാണ് നടത്തിയിരുന്നത്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും ഇത്തവണയും. കൊവിഡ് സാഹചര്യത്തിൽ വിശ്വാസികൾ പൊതുവിൽ വീടുകളിൽ തന്നെ പ്രാർത്ഥനകളിൽ മുഴുകിയാണ് ഇത്തവണത്തെ ബലിപ്പെരുനാൾ ദിനം ആഘോഷിക്കുന്നത്.

പൊതു ഈദ് ഗാഹുകൾ ഉണ്ടാകില്ല. പള്ളികളിലും കൊവിഡ് പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷവും ഈ വർഷവും പെരുനാളുകൾ (റംസാനും ബക്രീദും) വലിയ ആഘോഷങ്ങളോ കൂടിച്ചേരലുകളോ ഇല്ലാതെയായിരുന്നു.

മൂന്ന് സെമിറ്റിക്​ മതങ്ങളും ആദരവോടെ കാണുന്ന അബ്രഹാം പ്രവാചക​​​ന്റെയും (ഇബ്രാഹിം നബി) മകൻ ഇസ്​മായിലി​​​ന്റെയും ത്യാഗോജ്വല ജീവിതത്തി​​​​ന്റെ ഓർമപുതുക്കിയാണ്​ ബലിപെരുന്നാൾ ആഘോഷിക്കുന്നത്​. ദൈവപ്രീതിക്കായി സ്വന്തം മകനെ പോലും ബലിനൽകാൻ തയ്യാറായ ഇബ്രാഹിമും പിതാവി​​​​ന്റെയും ദൈവത്തി​​​ന്റെയും ഇച്ഛയ്ക്ക് ​ സർവാത്മനാ വഴങ്ങിയ ഇസ്​മായിലും പ്രവാചകന്മാരുടെ ചരിത്രത്തിലെ പ്രോജ്വലമായ അധ്യായമാണ്​ രചിച്ചത്​.

വിധി നിർണായക നിമിഷത്തിൽ ദൈവത്തി​​​ന്റെ ഇടപെടലുണ്ടായി. ആകാശത്ത്​ നിന്ന്​ മാലാഖ ബലിയറുക്കേണ്ട ആടുമായി പ്രത്യക്ഷപ്പെട്ടു. ആ ആടിനെ ബലിയറുത്ത്​ ഇബ്രാഹിം ദൈവത്തിന്​ മുന്നിൽ ത​​​ന്റെ വിശ്വാസം പ്രഖ്യാപിച്ചു. ഈ വിശ്വാസ പ്രഖ്യാപനത്തി​​​ന്റെ ആവർത്തനമാണ്​ ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് ഈ ദിനം​.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News