ഉത്ര വധക്കേസ്: സൂരജില്‍ നിന്ന് വിശദീകരണം തേടി

ഉത്ര വധക്കേസ് വിചാരണയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കോടതിയിലെത്തിച്ച ഇ-മെയിൽ പരാതി സംബന്ധിച്ച് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് പ്രതി സൂരജിൽ നിന്ന് വിശദീകരണം തേടി. തന്റെ ഇ-മെയിൽ ഐഡിയിൽ നിന്നും 2020 മെയ് 20ന് പരാതി അയച്ചിട്ടില്ലാ എന്നായിരുന്നു സൂരജിന്റെ മൊഴി.

20ന് രാവിലെ തന്നെ പൊലീസുകാർ ജീപ്പിൽ കയറ്റി പല സ്ഥലത്തും കൊണ്ടുപോയി. ഫോൺ പൊലീസുകാർ വാങ്ങിയിരുന്നു. തന്റെ ഇ-മെയിൽ അക്കൗണ്ട് പാസ്‌‌വേഡ് ഇല്ലാതെ തുറന്നിട്ടിരിക്കുകയായിരുന്നുവെന്നും സൂരജ് കോടതിയിൽ പറഞ്ഞു.

ജീപ്പിൽ എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് കോടതി ആരാഞ്ഞപ്പോൾ കൊണ്ടുപോയ സ്ഥലങ്ങൾ അറിയില്ലെന്ന് സൂരജ് മൊഴി നൽകി. ഫോൺ പിന്നീട് പൊലീസ് തിരികെ നൽകിയെന്നും പ്രതി പറഞ്ഞു.

ഉത്ര കാല് വേദനിക്കുന്നുവെന്ന് പറഞ്ഞ് കരഞ്ഞതിനെ തുടർന്ന് 2020 മാർച്ച് മൂന്നിന് രാത്രി ഒരു മണിക്ക് സുഹൃത്തിനെ വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയി എന്ന പരാതിയിലെ ഉള്ളടക്കത്തെ കുറിച്ച് കോടതി ആരാഞ്ഞപ്പോൾ ‘അങ്ങനെയാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന്’ പ്രതി ഉത്തരം നൽകി. എന്നാൽ 2020 മെയ് ഏഴിന് രാത്രി ആഹാരം കഴിച്ച് ഉത്രയോടൊപ്പം ഉറങ്ങാൻ കിടന്നുവെന്ന ഭാഗം പ്രതി നിഷേധിച്ചു. ഇത് സംബന്ധിച്ച് കൂടുതലൊന്നും പറയാനില്ലെന്നും കോടതിയെ അറിയിച്ചു.

2020 മെയ് 20നാണ് soorajskumar1993@gmail.com എന്ന മെയിലിൽ നിന്നും മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേയ്ക്ക് പരാതി അയച്ചത്. ഇത് കൃത്രിമമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതേ തുടർന്നാണ് കമ്പ്യൂട്ടർ സെല്ലിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് പരാതിയുടെ പകർപ്പും രസീതും സർട്ടിഫിക്കറ്റ് സഹിതം ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. കേസ് 22ലേക്ക് വാദം കേൾക്കാനായി മാറ്റി. അന്ന് പ്രതിഭാഗം വാദമുഖങ്ങൾക്ക് പ്രോസിക്യൂഷൻ മറുപടി നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here