കേന്ദ്രം ഒളിഞ്ഞുകേള്‍ക്കുന്നത് പുത്തരിയല്ലെന്ന് കങ്കണ

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്.പുരാതന കാലങ്ങളിൽ പോലും മഹാരാജാക്കന്മാർ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലെ ആളുകളുടെ വീടുകൾ രഹസ്യമായി സന്ദർശിച്ച് എന്താണ് പറയുന്നതെന്ന് ഒളിഞ്ഞുകേൾക്കാറുണ്ടെന്ന് കങ്കണ പറഞ്ഞു. ഒളിഞ്ഞുകേൾക്കൽ ഭരണത്തിന്റെ ഭാഗമാണെന്നാണ് കങ്കണയുടെ വാദം.

ഭരണാധികാരികൾ ഒളിഞ്ഞുകേൾക്കാറുണ്ടായിരുന്നു എന്നതിന് രാമായണത്തിൽ ഉദാഹരണമുണ്ടെന്ന് പറഞ്ഞ കങ്കണ ശ്രീരാമനും ജനങ്ങളുടെ സംഭാഷണം ഒളിഞ്ഞുകേട്ടിട്ടുണ്ടെന്നും അങ്ങനെ ഒളിഞ്ഞുകേട്ടപ്പോഴാണ് സീതയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന അഭിപ്രായം മനസ്സിലായതെന്നും പറഞ്ഞു.

കേന്ദ്രമന്ത്രിമാരുടെ അടക്കം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി നിരവധിയാളുകളുടെ ഫോണുകൾ പെഗാസസ് ചോർത്തിയതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ പെഗാസസ് വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഇസ്രയേല്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്‌വെയർ പ്രോഗ്രാമാണ് പെഗാസസ്. മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി പാസ്‌വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങൾ, വന്നതും അയച്ചതുമായ മെസേജുകൾ, ക്യാമറ, മൈക്രോഫോൺ, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷൻ തുടങ്ങി മുഴുവൻ വിവരവും ചോർത്താൻ ഇതിലൂടെ സാധിക്കും.

രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐഫോൺ , ആൻഡ്രോയിഡ് ഫോണുകളിൽ പെഗാസസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ, ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം.

പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങൾ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോർത്തിയത് എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.

പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേല്‍ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോർത്തപ്പെട്ടത്.

2019ലാണ് പെഗാസസ് സോഫ്റ്റ് വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്.20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് യു.എസ്. ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോർത്തൽ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാർത്തകൾ വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News