പഞ്ചാബ് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; ശക്തിപ്രകടനത്തിന് വേദിയായി നവജ്യോത് സിങ് സിദ്ധുവിന്‍റെ വീട്, ഇടഞ്ഞ് അമരീന്ദര്‍ സിംഗ്

പഞ്ചാബ് കോണ്‍ഗ്രസില്‍ കലഹം തുടരവെ ശക്തിപ്രകടനത്തിന് വേദിയായി പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവിന്‍റെ വീട്. 62 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ധുവിന്‍റെ വീട്ടിലെത്തി. തനിക്കും സര്‍ക്കാരിനുമെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പരസ്യമായി മാപ്പ് പറയാതെ സിദ്ധുവുമായി കൂടിക്കാഴ്ചയില്ലെന്ന  ഉറച്ച നിലപാടിലാണ് അമരീന്ദര്‍ സിംഗ്.

നവജ്യോത് സിദ്ദു – അമരീന്ദര്‍ പോരില്‍ സമവായം അകലെയെന്ന് വ്യക്തമാക്കുന്ന നീക്കങ്ങള്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ തുടരുകയാണ്. പിസിസി അധ്യക്ഷ സ്ഥാനമേറ്റതിന് പിന്നാലെ പാര്‍ട്ടി പിടിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് സിദ്ധു. ഇതിനൊടുവിലാണ് 62 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാവിലെ സിദ്ധുവിന്‍റെ വീട്ടിലെത്തി അദ്ദേഹത്തിന്‍റെ സത്കാരം സ്വീകരിച്ചത്.

77 എംഎല്‍എ മാരുള്ള പാര്‍ലമെന്‍ററി പാര്‍ട്ടിയിലെ 62 എംഎല്‍എമാരെയും അണിനിരത്താനായത് സിദ്ധു ക്യാംപിന്‍റെ ശക്തി പ്രകടനവും അമരീന്ദര്‍ സിംഗിനുള്ള മുന്നറിയിപ്പുമായി മാറി.

എന്നാല്‍ സിദ്ധുവിനോട് വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.  അമരീന്ദറുമായി സിദ്ധു കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നുവെന്ന റിപ്പോര്‍ട്ട് അമരീന്ദറിന്‍റെ മാധ്യമ ഉപദേഷ്ടാവ് നിഷേധിച്ചു.

തനിക്കും സര്‍ക്കാരിനുമെതിരെ സിദ്ധു നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പരസ്യമായി മാപ്പ് പറയാതെ സിദ്ധുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് അമരീന്ദര്‍ സിംഗ് ആവര്‍ത്തിച്ചു. പാര്‍ട്ടിയുടെ ആഭ്യന്തര വിഷയത്തില്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം യുക്തി രഹിതമെന്നാണ് മറുപക്ഷത്തിന്‍റെ നിലപാട്.

സിദ്ധുവിന് അനുകൂലമായ ഹൈക്കമാന്‍റ് തീരുമാനത്തില്‍ കടുത്ത അതൃപ്തിയിലാണ് അമരീന്ദര്‍ സിംഗ്. ഹൈക്കമാന്‍റ് നടപടി പ്രശ്ന പരിഹാരത്തിന് പര്യാപ്തമല്ല. പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ്  ഹൈക്കമാന്‍റ് ചെയ്തതെന്നാന്നാണ് ക്യാപ്റ്റന്‍ അനുകൂലികളുടെ വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here