ബത്തേരി കോഴക്കേസ്; ബിജെപി വയനാട് ജില്ലാ പ്രസിഡന്‍റിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

ബിജെപി ബത്തേരി കോഴക്കേസിൽ ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ്‌ സജി ശങ്കറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഒന്നരയോടെയാണ് അവസാനിച്ചത്. കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ കൂടുതൽ നേതാക്കളിലേക്ക്‌ അന്വേഷണം നീളുകയാണ്‌.

സി കെ ജാനുവിനെ എൻ ഡി എ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിലാണ്‌ അന്വേഷണ സംഘം ബിജെപി ജില്ലാ പ്രസിഡന്‍റ് സജി ശങ്കറെ ചോദ്യം ചെയ്തത്‌.

നേരത്തേ എം ഗണേഷ്‌ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്ത് വെച്ച്‌ കെ സുരേന്ദ്രൻ നേരിട്ട്‌‌ പത്തുലക്ഷവും ബത്തേരിയിൽ വെച്ച്‌ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ മുഖേന 25 ലക്ഷവും കൈമാറിയെന്ന് ആക്ഷേപമുള്ള സ്ഥലങ്ങളിൽ അന്വേഷണ സംഘം തെളിവെടുപ്പ്‌ നടത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ജില്ലാ പ്രസിഡന്‍റിനെക്കൂടി കേസിൽ ചോദ്യം ചെയ്യുന്നത്‌.

പ്രസീത അഴീക്കോട്‌ ഉൾപ്പെടെയുള്ളവരുടെ മൊഴികളിൽ കൂടുതൽ നേതാക്കൾക്ക്‌ പണം കൈമാറിയത്‌ സംബന്ധിച്ച്‌ അറിവുണ്ടായിരുന്നുവെന്ന് പരാമർശമുണ്ടായിരുനു. ബത്തേരിയിൽ മൂന്നരക്കോടി രൂപ തെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ എത്തിയെന്നും അന്വേഷണ സംഘത്തിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌.

ഈ തുകയിൽ നിന്നാണ്‌ സി കെ ജാനുവിന്‌ പണം നൽകിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം.  പ്രസീത അഴീക്കോടിന്‌ രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാനാണ് കേസെന്നും അന്വേഷണത്തോട്‌‌ സഹകരിക്കുമെന്നും സജി ശങ്കർ പ്രതികരിച്ചു.

ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, മേഖല സെക്രട്ടറി കെപി ‌ സുരേഷ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ് തുടങ്ങിയവരെ ചോദ്യം ചെയ്തതിൽ നിന്ന് പണവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

ചില സാക്ഷിമൊഴികൾ കൂടി രേഖപ്പെടുത്തിയ ശേഷം കേസിലെ പ്രധാന പ്രതികളായ കെ സുരേന്ദ്രനേയും സി കെ ജാനുവിനേയും ചോദ്യം ചെയ്യാനാണ്‌ ക്രൈം ബ്രാഞ്ച്‌ സംഘത്തിന്റെ നീക്കം.അന്വേഷണ സംഘത്തിന്‌ മുന്നിൽ ഹാജരാവാൻ അടുത്ത ദിവസങ്ങളിൽ തന്നെ ഇവർക്ക്‌ നോട്ടീസ്‌ നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News