അശ്ലീല സിനിമാ റാക്കറ്റ്; രാജ് കുന്ദ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് സിനിമയെ വെല്ലുന്ന കഥ

അശ്ലീല ചിത്രങ്ങള്‍ മദ് ഐലന്‍ഡിലെ ഒരു ബംഗ്ലാവ് കേന്ദ്രമാക്കി ചിത്രീകരിക്കുന്നുവെന്ന രഹസ്യ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്ന മിന്നല്‍ പരിശോധനയും തുടര്‍ന്ന് അഞ്ചു മാസമായി നടന്ന അന്വേഷണവുമാണ് രാജ് കുന്ദ്രയുടെ അറസ്റ്റിലേക്ക് നയിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ രാജ് കുന്ദ്രയെ ജൂലൈ 23 വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വില്‍ക്കുകയും ചെയ്തതാണ് പ്രതിക്കെതിരെയുള്ള ആരോപണം.

ഫെബ്രുവരി ആദ്യ വാരത്തിലാണ് മുംബൈ പൊലീസിന് ഇത് സംബന്ധിച്ച ആദ്യ സൂചന ലഭിച്ചിക്കുന്നത്. മദ് ഐലന്‍ഡില്‍ ഒരു ബംഗ്ലാവില്‍ വച്ച് അശ്ലീല സിനിമകള്‍ ചിത്രീകരിക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബംഗ്ലാവില്‍ മിന്നല്‍ പരിശോധന നടത്തുന്നത്. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ നഗ്‌നരായ പങ്കാളികളുടെ കിടപ്പറ രംഗങ്ങളായിരുന്നു ചിത്രീകരിച്ചു കൊണ്ടിരുന്നത്. ചിത്രീകരണ സഹായികളായ അഞ്ചു പേരടക്കമുള്ളവരെ സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായവരെ ചോദ്യം ചെയ്തതിലൂടെയാണ് അശ്ലീല സിനിമാ റാക്കറ്റിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുന്നത്. ചൂഷണത്തിന് ഇരയായത് ഗ്രാമീണ പെണ്‍കുട്ടികളാണ്.

മദ് ഐലന്‍ഡിലെ ബംഗ്ലാവില്‍ നിന്ന് അറസ്റ്റിലായവരില്‍ സിനിമാ മോഹവുമായി വന്ന യുവതികളും ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ബീഡ് പോലുള്ള ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള യുവതികളായിരുന്നു പലരും. വെബ് സീരീസിലെ വേഷങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ടാണ് കഥ കേള്‍പ്പിച്ച് ഇവരെ അഭിനയിപ്പിക്കാനായി കരാര്‍ ചെയ്യുന്നത്. എന്നാല്‍ അഡ്വാന്‍സ് നല്‍കി കരാര്‍ ഒപ്പിട്ട് ശേഷം അഭിനയിക്കാനായി ലൊക്കേഷനില്‍ എത്തുമ്പോഴാണ് തിരക്കഥ മാറ്റിയതായി നടികളോട് പറയുന്നത്.

പണം മുന്‍കൂര്‍ കൈപ്പറ്റിയ പെണ്‍കുട്ടികള്‍ പിന്നീട് നിവൃത്തി കേടുകൊണ്ടാണ് ഇവരുടെ വലയില്‍ വീഴുന്നതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ചിലര്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാകാറില്ല. അങ്ങനെ വിമുഖത പ്രകടിപ്പിക്കുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയാണ് കാര്യം സാധിക്കുന്നത്.

ചിത്രീകരണം മുടങ്ങിയതിന്റെ ഉത്തരവാദിത്തം നടികളുടെ തലയില്‍ വച്ച് കെട്ടി ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വെട്ടിലാക്കുന്നത്. ഗ്രാമങ്ങളിലെ എളിയ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന പാവം പെണ്‍കുട്ടികള്‍ക്ക് ഇത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാവില്ലെന്നതാണ് ഇവര്‍ മുതലെടുക്കുന്നത്.

സിനിമകള്‍ ചിത്രീകരിച്ചു കഴിഞ്ഞാല്‍ ഹോട്ട് ഹിറ്റ് മൂവീസ്, ഹോട്ട്ഷോട്ടുകള്‍ തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ പങ്കു വച്ചാണ് പ്രതികള്‍ പണം വരുന്നത്. മുഖ്യധാരാ ഒ ടി ടി പ്ലാറ്റ്‌ഫോമുകളുടെ മാതൃകയില്‍ അവര്‍ സബ്സ്‌ക്രിപ്ഷനുകള്‍ വാഗ്ദാനം ചെയ്യുകയും കൂടാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള പരസ്യങ്ങളിലൂടെ അധിക വരുമാനം കണ്ടെത്തുകയും ചെയ്യുന്നു.

അശ്ലീല ചിത്രങ്ങള്‍ സ്ട്രീം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് 2020 ജൂണില്‍ ഹോട്ട്‌ഷോട്ട് ആപ്ലിക്കേഷന്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു.

പ്രധാനമായും മദ് ഐലന്‍ഡിലെ വാടക ബംഗ്ലാവില്‍ വച്ച് ഒറ്റ ദിവസം കൊണ്ട് തട്ടിക്കൂട്ടുന്നതാണ് ഇത്തരം സിനിമകളെന്നാണ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിനായി പരമാവധി അഞ്ചു പേരടങ്ങുന്ന പ്രൊഡക്ഷന്‍ ടീം ആയിരിക്കും ഉണ്ടാകുക. ഡയറക്ടര്‍, ഡയലോഗ് റൈറ്റര്‍, ക്യാമറാമാന്‍, വെബ് ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാര്‍ എന്നിവരടങ്ങുന്നതാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമാ മോഹവുമായി മുംബൈയിലെത്തുന്ന യുവതീ യുവാക്കളാണ് ഇവരുടെ ഇര.

ലോക്ഡൗണ്‍ സമയത്താണ് ഈ ആപ്ലിക്കേഷനുകള്‍ക്ക് പ്രചാരം കൂടിയത്. പുതിയ സിനിമകളോ സീരിയലുകളോ ഇറങ്ങാത്ത അവസരത്തെ മുതലെടുക്കുകയായിരുന്നു ഇവര്‍. ഇതോടെ ലക്ഷക്കണക്കിന് വരിക്കാരുമായി കോടികളുടെ വരുമാന മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലൂടെ ഇവര്‍ പുതിയ വിപണി കണ്ടെത്തിയത്.

അശ്ലീല സിനിമാ റാക്കറ്റിലെ പ്രധാന കണ്ണി

അറസ്റ്റിലായവരില്‍ നിര്‍മ്മാതാവിനെ സഹായിച്ചവരും ചെറുകിട നടന്മാരും ഉള്‍പ്പെടും. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇത്തരം സിനിമകള്‍ വില്‍ക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ഈ അന്വേഷണത്തിനിടയിലാണ് യു കെ ആസ്ഥാനമായുള്ള കെന്റിന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്തിരുന്ന ഉമേഷ് കാമത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ഥിരമായി അശ്ളീല സിനിമകള്‍ സ്വന്തമാക്കി ഹോട്ട്‌ഷോട്ട് ആപ്പ് വഴി അപ്ലോഡ് ചെയ്തിരുന്നതായി കണ്ടെത്തി.

കാമത്തിനെ ചോദ്യം ചെയ്തതിലൂടെയാണ് കോള്‍ റെക്കോര്‍ഡുകളിലൂടെ കടന്നുപോകുമ്പോള്‍ മുംബൈ ആസ്ഥാനമായുള്ള വിയാന്‍ ഇന്‍ഡസ്ട്രീസ് വഴി കുന്ദ്രയാണ് ഇതെല്ലം പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തുന്നതും ജൂലൈ 19ന് ബിസിനസുകാരനും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News