അനന്യയുടെ മരണം: അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍, അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശം. ലിംഗമാറ്റ ശസ്ത്രകിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ തീരുമാനത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സ്വാഗതം ചെയ്തു. അനന്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ചികിത്സാപ്പിഴവ് വരുത്തിയെന്നാരോപിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസമാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതായും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായും മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ അനന്യ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ട്രാന്‍സ് ജെന്‍ഡേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചത്.

അതേസമയം അനന്യയുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കി. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അനന്യയുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹ്യക്ഷേമവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി ആര്‍ ബിന്ദുവും അറിയിച്ചു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 23ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്രതിനിധി ശ്യാമ എസ് പ്രഭ പറഞ്ഞു.

അനന്യയുടെ മൃതദേഹം വിദഗ്ധരടങ്ങിയ ഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കണമെന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ആവശ്യവും അംഗീകരിച്ചിരുന്നു. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും.

അതേസമയം ചികിത്സാപ്പിഴവ് സംഭവിച്ചുവെന്ന ആരോപണം റിനൈ മെഡിസിറ്റി ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ടെന്നും സത്യം മനസ്സിലാക്കാതെയുള്ള പ്രചരണമാണ് നടക്കുന്നതെന്നും ആശുപത്രിയധികൃതര്‍ വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News