തിക്കോടി ടർട്ടിൽ ബീച്ച് വികസനസാധ്യതകൾ വിലയിരുത്തി മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോ‍ഴിക്കോട് തിക്കോടി ടർട്ടിൽ ബീച്ചിന്‍റെ ടൂറിസം സാധ്യതകൾ വിലയിരുത്താനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബീച്ചിൽ സന്ദർശനം നടത്തി. ബീച്ചിലെ ടൂറിസം സാധ്യതകൾ മനസ്സിലാക്കി അതിനനുസൃതമായ വികസന പ്രവർത്തനം നടത്തും.

പ്രകൃതിക്ക് അനുയോജ്യമായ രീതിയിലുള്ള നിർമാണ രീതികളാണ് നടപ്പിലാക്കുക. തിക്കോടിയിലെ ടർട്ടിൽ ബീച്ചിൻ്റെ ടൂറിസം വികസനത്തിനായി ‘ഡവലപ്പ്മെൻ്റ് ഓഫ് ടർട്ടിൽ ബീച്ച് ‘ വികസന പദ്ധതി ടൂറിസം വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബീച്ച് വികസനത്തിനായി 93 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനായി മുൻ എം.എൽ.എ കെ. ദാസൻ്റേയും നിലവിലെ എം.എൽ.എ കാനത്തിൽ ജമീലയുടെയും നിരന്തര ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആഗസ്ത് – സെപ്തംബർ മാസങ്ങളിൽ കടലാമകൾ മുട്ടയിടാൻ വന്നെത്തുന്ന
പ്രദേശമായതിനാലാണ് പദ്ധതിക്ക് ഈ പേര് നൽകിയിട്ടുള്ളത്. പദ്ധതിയുടെ എക്സിക്യുട്ടിംഗ് ഏജൻസി ഡി.ടി.പി.സിയും പ്രവൃത്തി ചെയ്യുന്നത് ജില്ലാ നിർമ്മിതികേന്ദ്രയുമാണ്.

ബീച്ചിലേക്കുള്ള പ്രവേശന കവാടം, റെയിൻ ഷെൽട്ടേഴ്സ്, ബയോ ടോയ്ലറ്റ്, ഓപ്പൺ ഷവർ, കുട്ടികളുടെ കളിസ്ഥലം, ബാംബുഫെൻസിംഗ്, ഡ്രിങ്കിംഗ് വാട്ടർ കിയോസ്ക്, ബീച്ച് ഹട്ട്സ്, വേസ്റ്റ് ബിൻ എന്നിവയാണ് പദ്ധതിയുടെ ഭാഗമായുണ്ടാവുക.

കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിൽ കുമാർ, ഡി.ടി.പി.സി സെക്രട്ടറി സി.പി.ബീന, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News