സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല; തെറ്റിദ്ധാരണ പരത്താന്‍ ശ്രമം

സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്നുവരുന്നതും നിശ്ചയിച്ചിരിക്കുന്നതുമായ പരീക്ഷകളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ തെറ്റിദ്ധാരണ പരത്തുവാനുള്ള സംഘടിതമായ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുവാന്‍ എല്ലാ വിദ്യാര്‍ത്ഥികളോടും സര്‍വ്വകലാശാല അഭ്യര്‍ഥിക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ.

ആരോഗ്യ സര്‍വ്വകലാശാലയിലുള്‍പ്പെടെ കേരളത്തിലെ ഇതര സര്‍വകലാശാലകളില്‍ ഓഫ്ലൈന്‍ പരീക്ഷകള്‍ സുഗമമായി നടക്കുമ്പോള്‍ സാങ്കേതിക സര്‍വ്വകലാശാലയില്‍ മാത്രം പരീക്ഷകള്‍ തടസപ്പെടുത്താനും ബഹിഷ്‌കരിക്കുവാനും വിദ്യാര്‍ത്ഥികളെ ചിലര്‍ പ്രേരിപ്പിക്കുകയാണ്.

ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗതീരുമാനം അനുസരിച്ച് കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളും അനുവര്‍ത്തിക്കുന്ന പൊതുനയത്തിന്റെ ഭാഗമായാണ് ഓഫ്ലൈന്‍ പരീക്ഷകള്‍ നടത്തുവാന്‍ സാങ്കേതിക സര്‍വ്വകലാശാലയും തീരുമാനിച്ചത്. എന്നാല്‍ സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാസംവിധാനങ്ങളെ മാത്രം ഒറ്റതിരിഞ്ഞു ആക്രമിക്കുവാനാണ് ശ്രമം.

പാഠ്യഭാഗങ്ങള്‍ പൂര്‍ണമായും പഠിപ്പിച്ചു തീര്‍ക്കുവാന്‍ ഉതകുന്നതരത്തിലും പഠനാവധികള്‍ ഉറപ്പുവരുത്തിയുമാണ് പരീക്ഷകള്‍ പുനഃക്രമീകരിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വീടിന് സമീപമുള്ള കോളേജുകളില്‍ തന്നെ പരീക്ഷയെഴുതുവാനുള്ള പ്രത്യേക ‘സെന്റര്‍ ചേഞ്ച്’ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സാങ്കേതിക സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

നൂറുമാര്‍ക്കിന്റെ പരീക്ഷ എഴുപത് മാര്‍ക്കിന്റെ പരീക്ഷയാക്കുകയും പരീക്ഷ ദൈര്‍ഖ്യം മൂന്ന് മണിക്കൂറില്‍ നിന്നും രണ്ടേകാല്‍ മണിക്കൂറായി കുറക്കുകയും ചെയ്തു. ഒരു പരീക്ഷ വിജയിക്കുവാന്‍ 40 മാര്‍ക്കിന് പകരം 28 മാര്‍ക്ക് മതിയാകും. കൊവിഡ് മൂലമോ അനുബന്ധ പ്രശ്‌നങ്ങള്‍ മൂലമോ പരീക്ഷ എഴുതുവാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവസരം അവരുടെ ആദ്യ ചാന്‍സ് ആയിത്തന്നെ പരിഗണിക്കുകയും ചെയ്യും. ഇത്രയും വിദ്യാര്‍ത്ഥി സൗഹൃദമായി സംഘടിപ്പിക്കുന്ന പരീക്ഷകള്‍ക്കെതിരെയാണ് പ്രചാരണം നടത്തുന്നത്.

വിവിധ സെമെസ്റ്ററുകളിലെ ഒരു ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് പരീക്ഷ എഴുതുവാന്‍ കഴിയുന്ന കുറ്റമറ്റ പ്രോക്ടര്‍ഡ് ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം നിലവില്‍ വരുന്നതുവരെ പരീക്ഷകള്‍ ഓഫ്ലൈന്‍ ആയി മാത്രമേ നടത്തുവാന്‍ കഴിയുകയുള്ളൂ. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും ഓഫ്ലൈന്‍ പരീക്ഷകളുമായി മുന്നോട്ടു പോകുവാന്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെതന്നെ പ്രമുഖ സാങ്കേതിക സര്‍വകലാശാലകളായ വിശ്വേശരയ്യ, ജവാഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റികളും, കേരളത്തിലെ കുസാറ്റും ഇതേ ഓഫ്‌ലൈന്‍ മാതൃകതന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

പരീക്ഷകള്‍ നീട്ടിവയ്ക്കുവാനുള്ള ഏതു തീരുമാനവും കോഴ്‌സ് ലാഗിങ്ങില്‍ ആകും അവസാനിക്കുക. ഇത് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുടെ ക്യാമ്പസ് പ്ലേസ്‌മെന്റുകളെയും, ഉന്നതവിദ്യാഭ്യാസ സാധ്യതകളെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ പ്രഖ്യാപിച്ച തീയതികളില്‍ തന്നെ നടത്തുവാന്‍ സര്‍വ്വകലാശാല ബാധ്യസ്ഥമാണ്. പരീക്ഷകള്‍ക്കെതിരായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തുവാനും പരീക്ഷകളില്‍ കൃത്യതയോടെ പങ്കെടുക്കുവാനും എല്ലാ വിദ്യാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുന്നതായി ഡോ. എം എസ് രാജശ്രീ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News