ADVERTISEMENT
ഒളിമ്പിക്സിൽ കളിക്കുകയെന്നത് ഇന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന് വലിയ കടമ്പയാണ്. എന്നാൽ നാല് ഒളിമ്പിക്സുകളിൽ ഇന്ത്യൻ ടീം പങ്കെടുത്തിട്ടുണ്ടെന്ന കാര്യം പുതുതലമുറയ്ക്ക് അത്ര പരിചിതമല്ല.
ഇന്ത്യൻ ടീം ആദ്യമായി പങ്കെടുത്തത് 1948 ലെ ലണ്ടൻ ഒളിമ്പിക്സിലാണ്. ടലിമെറനായിരുന്നു ഇന്ത്യൻ ക്യാപ്ടൻ. ബൂട്ടിട്ട ഫ്രാൻസ് ടീമിനെതിരെ ബൂട്ടിടാത്ത ഇന്ത്യൻ കളിക്കാർ പുറത്തെടുത്തത് ഉശിരൻ പ്രകടനം. നോക്കൗട്ട് ടൂർണമെന്റിൽ 2 – 1 ന്റെ നേരിയ മാർജിനിലായിരുന്നു ഫ്രാൻസിൻടെ ജയം. സാരംഗപാണി രാമനാണ് ഇന്ത്യയ്‌ക്കായി ആദ്യ ഇൻറർനാഷണൽ ഗോൾ നേടിയത്.
1952 ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ഇന്ത്യ ഇറങ്ങിയത് ശൈലൻ മന്നയുടെ ക്യാപ്ടൻസിയിൽ: ആദ്യ മത്സരത്തിൽ യൂഗോസ്ലാവിയയോട് 10-1 നായിരുന്നു ഇന്ത്യയുടെ തോൽവി. അഹമ്മദ് ഖാനാണ് അന്ന് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്.1956ലെ മെൽബൺ ഒളിമ്പിക്സ് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ അവിസ്മരണീയ ടൂർണമെൻറായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
11 രാജ്യങ്ങൾ അണിനിരന്ന മെൽബൺ ഒളിമ്പിക്സിലെ ആദ്യറൗണ്ടിൽ സമർ ബാനർജി ക്യാപ്ടനായ ഇന്ത്യയ്ക്ക് ബൈ കിട്ടി. രണ്ടാമത്തെ കളിയിൽ ഓസ്ട്രേലിയക്കെതിരെ 4–2 ന്റെ വിജയം. മത്സരത്തിൽ ഹാട്രിക്ക് നേടിയ ഇന്ത്യയുടെ നെവിൽ ഡിസൂസയായിരുന്നു ഹീറോ. സെമിയിൽ യുഗോസ്ലാവിയയോട് 4– 1ന് തോറ്റു.മൂന്നാംസ്ഥാനത്തിനുള്ള മത്സരത്തിൽ ബൾഗേറിയയോട് 3-0ന് പരാജയപ്പെട്ടതോടെ നാലാം സ്ഥാനക്കാരായി മടക്കം.
1960 ലെ ഒളിമ്പിക്സിൽ ഹംഗറിയോട് 2-1ന് തോറ്റായിരുന്നു പി കെ ബാനർജി നായകനായ ഇന്ത്യയുടെ തുടക്കം. കരുത്തരായ ഫ്രാൻസിനെ 1–1ന് സമനിലയിൽ തളച്ചു. ഒടുവിൽ പെറുവിനോട് 3–1 ന്റെ തോൽവി. 1956 ലും 1960 ലും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുകാരൻ എസ് എസ് നാരായൻ എന്ന ഒളിമ്പ്യൻ ബാബുവായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.