കെ ടി എസ് പടന്നയിലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത നാടക -ചലച്ചിത്ര നടന്‍ കെ ടി എസ് പടന്നയിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹത്തിന്‍റേതായുണ്ടെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

88 വയസായിരുന്നു അദ്ദേഹത്തിന്. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം.

നാടകലോകത്തു നിന്നായിരുന്നു പടന്നയില്‍ സിനിമയിലെത്തിയത്. കണ്ണംകുളങ്ങരയില്‍ കട നടത്തിവരികയായിരുന്നു.

നാടകത്തിൽ അഭിനയിക്കാൻ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു.  ആ വാശിയിൽ പടന്നയില്‍ നാടകം പഠിക്കുവാൻ തീരുമാനിച്ചു.

1956-ൽ “വിവാഹ ദല്ലാൾ” എന്നതായിരുന്നു ആദ്യ നാടകം. 1957-ൽ സ്വയം എഴുതി തൃപ്പൂണിത്തുറയിൽ ‘കേരളപ്പിറവി’ എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു.

നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ ഒരു മുറുക്കാൻ കട തുടങ്ങി. രാജസേനന്‍റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെയാണ് പടന്നയില്‍ ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.

വൃദ്ധന്മാരെ സൂക്ഷിക്കുക, ആദ്യത്തെ കണ്‍മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here