നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം നല്‍കണമെന്ന ആവശ്യവുമായി വിചാരണക്കോടതി ജഡ്ജി സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. കൊവിഡ് ലോക്ക് ഡൗണിനെത്തുടർന്ന് കോടതി തുടർച്ചയായി അടച്ചിടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഹണി എം വർഗ്ഗീസ് സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഓഗസ്റ്റിൽ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദേശം.

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം പുരോഗമിക്കവെ മെയ് മാസത്തിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആഴ്ചകളോളം കോടതി അടച്ചിടേണ്ടി വന്നു. സെലിബ്രിറ്റികൾ ഉൾപ്പടെ 43 സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. അതിനാൽ വിചാരണ നടപടികൾ പൂർത്തിയാക്കുന്നതിനായി 6 മാസം കൂടി സമയം നീട്ടി നല്‍കണമെന്നാണ് വിചാരണക്കോടതി സുപ്രീംകോടതിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

കേസില്‍ ക‍ഴിഞ്ഞവര്‍ഷം ജനുവരിയിലാണ് വിചാരണ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 135 സാക്ഷികളെ വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒന്നാം ലോക്ക് ഡൗണിനെത്തുടര്‍ന്ന് ക‍ഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് മാസക്കാലം കോടതി അടച്ചിടേണ്ടി വന്നു. പിന്നീട് വിചാരണ പുനരാരംഭിച്ചെങ്കിലും വിചാരണക്കോടതി ജഡ്ജിയെമാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമിക്കപ്പെട്ട നടിയും മേല്‍ക്കോടതികളെ സമീപിച്ചതോടെ വിചാരണ നടപടികള്‍ വീണ്ടും തടസ്സപ്പെട്ടു.

ജഡ്ജിയെ മാറ്റേണ്ടതില്ലെന്ന വിധിക്ക് ശേഷം വീണ്ടും വിചാരണ തുടങ്ങി. എന്നാല്‍ അപ്രതീക്ഷിതമായി ഇക്ക‍ഴിഞ്ഞ മെയ് മാസത്തില്‍ രണ്ടാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോടതി നടപടികള്‍ വീണ്ടും ആ‍ഴ്ചകളോളം തടസ്സപ്പെട്ടു. ഈ സാഹചര്യത്തിലാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിചാരണക്കോടതി സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തെ രണ്ട് തവണ സുപ്രീംകോടതി സമയം നീട്ടി നല്‍കിയിരുന്നു.കേസില്‍ ഇതിനകം 174 സാക്ഷികളെ വിസ്തരിച്ചുക‍ഴിഞ്ഞു. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്.നടിയുടെ പരാതിയില്‍ പള്‍സര്‍ സുനി ഉള്‍പ്പടെയുള്ളവര്‍ ആദ്യം അറസ്റ്റിലായി. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ട് പിന്നീട് നടന്‍ ദിലീപിനെയും പോലീസ് അറസ്റ്റ് ചെയ്തു. 84 ദിവസത്തിനു ശേഷം ദിലീപിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.11 പ്രതികളുള്ള കേസില്‍ 2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News