ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ; സമഗ്രമായ അന്വേഷണം വേണം: ഡി വൈ എഫ് ഐ

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാകുമാരി അലക്സിന്റെ ആത്മഹത്യയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂണില്‍ കൊച്ചിയിലെ റിനൈ മെഡിസിറ്റിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ അനന്യ നേരിട്ടിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഏറെനേരം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്നില്ലെന്നും ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്നും അനന്യ പറഞ്ഞിരുന്നു. ആരോപണം ശരിയാണെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇത്തരം ശസ്ത്രക്രിയകളുടെ മറവില്‍ വലിയ സാമ്പത്തിക ചൂഷണം നടക്കുന്നുണ്ട്. ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകണം.

സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും എല്‍ ജി ബി ടി വിഭാഗത്തില്‍പ്പെട്ടവര്‍ തിരസ്‌ക്കരിക്കപ്പെടുന്നു. തുടര്‍ന്ന് ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സയ്ക്കും ഒറ്റയ്ക്ക് ഓടേണ്ട അവസ്ഥയാണ് ഇവര്‍ക്ക്. കേരളം പോലെ പുരോഗമനപരമായ ഒരു സമൂഹത്തില്‍ ഇത്തരം ഒറ്റപ്പെടലുകള്‍ ഭൂഷണമല്ല. ഈ വിഭാഗങ്ങളുടെ ചികിത്സയ്ക്കും ശസ്ത്രക്രിയക്കും സര്‍ക്കാര്‍ മേല്‍നോട്ടവും സാമ്പത്തിക സഹായവും ഉറപ്പുവരുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണം. ഇവരുടെ പുനരധിവാസത്തിനും ജോലി പ്രവേശനത്തിനും ഒന്നാം പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മാതൃകാപരമായിരുന്നു. എന്നാല്‍ എല്‍ ജി ബി ടി വിഭാഗങ്ങളുടെ ആരോഗ്യപരിപാലനം ഉള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങള്‍ ഇനിയും നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്.

അനന്യ താരതമ്യേന സമൂഹത്തില്‍ അറിയപ്പെടുന്ന ആളായിരുന്നു. എന്നിട്ടുകൂടി പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടിവന്നെങ്കില്‍, തികച്ചും സാധാരണക്കാരായ എല്‍ ജി ബി ടി വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന സമാനമായ പ്രശ്നങ്ങളുടെ തോത് വളരെ വലുതായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അനന്യയുടെ മരണത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തുന്നു.

മരണത്തിന് മുമ്പ് അനന്യ ഉന്നയിച്ച എല്ലാ കാര്യങ്ങളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ ഉറപ്പുവരുത്തണം. തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ സമഗ്രമായ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News