ലീഗിന് മതേതരത്വ കാഴ്ചപ്പാട് ഇല്ല; മുസ്ലീം ലീഗിലെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ട് സി പി ഐ എമ്മിലേക്ക്

മുസ്ലീം ലീഗിലെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു.ദേശീയ സമിതി അംഗവും കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറുമായ പി എം ഹാരിസ് ഉൾപ്പടെ ദേശീയ സംസ്ഥാന ജില്ലാ നേതാക്കളാണ് മുസ്ലീം ലീഗിൽ നിന്ന് രാജിവെച്ചത്.

പാർട്ടിയുടെ വർഗ്ഗീയ, വിഭാഗീയ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം.സി പി ഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി നേതാക്കൾ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൊച്ചി കോർപ്പറേഷനിലെ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായിരുന്ന എബി സാബുവിൻ്റെ രാജിയ്ക്ക് പിന്നാലെയാണ്, ലീഗ് നേതാക്കൾ കൂട്ടത്തോടെ രാജി വെച്ചിരിക്കുന്നത്.കൊച്ചി കോർപ്പറേഷനിലെ മുൻ കൗൺസിലറും ലീഗ് ദേശീയ സമിതി അംഗവുമായ പി എം ഹാരിസ്, ദേശീയ സമിതി അംഗം രഘുനാഥ് പനവേലി, എസ് ടി യു നേതാക്കളായ എം എൽ നൗഷാദ്, കെ എ സുബൈർ തുടങ്ങി 8 പേരാണ് മുസ്ലീം ലീഗ് വിട്ടത്.

ലീഗിന് മതേതരത്വ കാഴ്ചപ്പാട് ഇല്ലെന്ന് നേതാക്കൾ വിമർശിച്ചു.മലപ്പുറം വിട്ടാൽ ലീഗിന് ഒരു പ്രസക്തിയുമില്ല. സ്ക്കോളർഷിപ്പ്, ലക്ഷദ്വീപ് വിഷയങ്ങളിൽ മുസ്ലീം ലീഗിൻ്റെ വിഭാഗീയപരമായ നിലപാട് കേരളത്തിൻ്റെ സൗഹാർദ അന്തരീക്ഷം തകർക്കുന്നതാണെന്നും പാർട്ടിയിൽ നിന്ന് രാജിവെച്ചവർ ചൂണ്ടിക്കാട്ടി.

പ്രതിസന്ധി ഘട്ടങ്ങളിൽ മാതൃകാപരമായാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്. മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാൻ ഇടതുപക്ഷത്തിന് മാത്രമെ കഴിയൂ. അതിനാൽ സി പി ഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി നേതാക്കാൾ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് മറ്റെവിടെയും ലഭിക്കാത്ത തണലും സംരക്ഷണവുമാണ് പിണറായി സർക്കാർ ന്യൂനപക്ഷത്തിന് നൽകുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും, കൂടുതൽ പേർ ലീഗ് വിടുമെന്നും രാജിവെച്ചവർ പറഞ്ഞു. അതേ സമയം ലീഗ് വിട്ടെത്തിയവർക്ക് സി പി ഐ എം, സി ഐ ടി യു നേതാക്കൾ സ്വീകരണം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here