ടോക്കിയോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം; നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകം ജപ്പാനിൽ സംഗമിക്കാൻ ഇനി മണിക്കൂറുകൾ മാത്രം

നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകം ജപ്പാനിൽ സംഗമിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം  വൈകീട്ട് 4:30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ വിശ്വ കായിക മാമാങ്കത്തിന് വേദിയാകുന്നത്. ഒളിമ്പിക്സിന്റെ ടോർച്ച് റിലേ   ഉദ്ഘാടന വേദിയിൽ വൈകീട്ട് എത്തിച്ചേരും.

‘കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ എന്ന ഒളിമ്പിക്സ്  മുദ്രാവാക്യത്തിൽ കാലോചിതമായ മാറ്റം വരുത്തിയുള്ള വിശ്വ കായിക മാമാങ്കമാകും ടോക്കിയോവിലേത്. കൊവിഡ് മഹാമാരി വരുത്തി വച്ച ദുരന്തത്തിൽ നിന്ന് കരകയറാൻ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഒരുമ അനിവാര്യമായതിനാലാണ് ഈ ഒരു മാറ്റത്തിന് ഒളിമ്പിക്സ് സമിതി തയ്യാറായത്.

മുപ്പത്തിരണ്ടാമത് ഒളിമ്പിക്സ്  വിരുന്നിനെത്തുമ്പോൾ അതീവ ജാഗ്രതയിലാണ് ടോക്കിയോ. ചരിത്രത്തിലാദ്യമായി കാണികളില്ലാതെ നടത്തുന്ന കായിക മാമാങ്കം  ലോകം ആസ്വദിക്കുക ക്യാമറക്കണ്ണുകളിലൂടെ. വേദികളിലെല്ലാം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ കർശന നിയന്ത്രണങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ജപ്പാൻ നാഷണൽ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 4:30ന് ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമാകും.

തെരഞ്ഞെടുക്കപ്പെട്ട അതിഥികൾക്ക് മാത്രമാകും ചടങ്ങിലേക്ക് ക്ഷണം. കൊവിഡ് മഹാമാരി അവസാനിക്കാത്തതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്. ലോകത്തെ വിസ്മയിപ്പിക്കുന്ന പതിവ് ഉദ്ഘാടന ചടങ്ങുകൾ അതിനാൽ ഇത്തവണയില്ല.

1964-ലെ ഒളിമ്പിക്സിന് ആതിഥ്യമരുളിയ ടോക്യോയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കായികമേള വന്നെത്തുന്നത് ഇത് രണ്ടാംതവണയാണ്. ഉദ്ഘാടനച്ചടങ്ങുകളും  സമാപന ചടങ്ങുകളും അത്ലറ്റിക്സും നടക്കുന്ന പ്രധാന സ്റ്റേഡിയം അടക്കം 42 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. കരാട്ടേ, ബേസ്ബോൾ, സ്കേറ്റ് ബോർഡിങ്, സർഫിങ്, സ്പോർട്സ് ക്ലൈംബിങ് എന്നീ അഞ്ച് പുതിയ മത്സരയിനങ്ങൾ ഇക്കുറിയുണ്ട്.

33 മത്സര വിഭാഗങ്ങളിലെ  339 ഇനങ്ങളിലായി 206 രാജ്യങ്ങളിൽ നിന്നുള്ള പതിനൊന്നായിരത്തോളം കായികതാരങ്ങൾ 17 ദിവസങ്ങളിലായി നടക്കുന്ന വിശ്വ കായിക മാമാങ്കത്തിൽ മാറ്റുരക്കും. ഇ – വേസ്റ്റ് സംസ്കരണത്തിന്റെ പുത്തൻ മാതൃകയാണ് ടോക്കിയോ ഒളിമ്പിക്സിൽ ജപ്പാൻ അവതരിപ്പിക്കുന്നത്.മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള പഴയ ഗാഡ്ജറ്റുകളിൽ നിന്ന് വേർതിരിക്കുന്ന ലോഹങ്ങൾ കൊണ്ടാണ് വിജയികൾക്കുള്ള മെഡലുകൾ നിർമിച്ചിരിക്കുന്നതെന്ന അത്യപൂർവ്വ പ്രത്യേകത കൂടിയുണ്ട്.

മത്സര ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കാൻ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരിക്കില്ല; മെഡൽ ജേതാക്കളെ പോഡിയത്തിൽ നിർത്തിയ ശേഷം ഒരു തളികയിൽ മെഡലുകൾ നൽകുകയാണ് ചെയ്യുക. സാധാരണയുള്ള മെഡലുകൾ സ്വീകരിച്ച ശേഷമുള്ള ഹസ്തദാനമോ ആലിംഗനമോ ഇക്കുറി ഉണ്ടാകില്ല. നീലയും വെള്ളയും നിറങ്ങൾ കലർന്ന മിറൈറ്റോവയാണ് ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം . ഭാവി എന്നർഥംവരുന്ന മിറൈ, അനശ്വരം എന്നർഥമുള്ള തോവ എന്നീ രണ്ടു ജാപ്പനീസ് വാക്കുകൾ ചേർത്താണ് മിറൈറ്റോവയെ സൃഷ്ടിച്ചിരിക്കുന്നത്.

ജപ്പാനിലെ സ്കൂളുകളിൽ കുട്ടികൾക്ക് പ്രിയപ്പെട്ടവരെ കണ്ടെത്താൻ നടത്തിയ ‘യോഡാൻ’ പദ്ധതിയിലൂടെയാണ് മിറൈറ്റോവ ഒളിമ്പിക് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്.ജാപ്പനീസ് കലാകാരനായ റയോ തനിഗുച്ചിയാണ് മിറൈറ്റോവയെ രൂപകല്പനചെയ്തത്. പങ്കെടുക്കലാണ് പ്രധാനമെന്ന ഒളിമ്പിക്സ് മുദ്രാവാക്യത്തിന്റെ സ്പിരിറ്റോടെ ലോകത്തിലെ ഏറ്റവും വലിയ കായിക മേളക്ക് ഇന്ത്യ പങ്കെടുപ്പിക്കുന്നത് 119 താരങ്ങൾ ഉൾപ്പെട്ട വിപുലമായ സംഘത്തെയാണ്.

ഹോക്കിയിലും അത്ലറ്റിക്സിലും ഷൂട്ടിംഗിലുമാണ് കൂടുതൽ താരങ്ങൾ. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കുക.ഇക്വസ്റ്റേറിയൻ, ഫെൻസിങ്ങ് തുടങ്ങിയ ഇനങ്ങളിൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ താരങ്ങൾ ഒളിമ്പിക്സ് പോരാട്ടങ്ങൾക്കിറങ്ങും.

ഇതാദ്യമായാണ് മൂന്ന് സെയ്ലിങ്ങ് ഇവൻറുകളിൽ ഇന്ത്യ ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയതെന്ന പ്രത്യേകതയും ഉണ്ട്.ആകെ ഒൻപത് മലയാളി താരങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്.ഉദ്ഘാടന മാർച്ച് പാസ്റ്റിൽ ബോക്സിംഗ് താരം എം.സി മേരി കോമും പുരുഷ ഹോക്കി ടീം നായകൻ മൻപ്രീത് സിംഗും  ഇന്ത്യൻ പതാകയേന്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News