‘റിക്കാക്കോ ഇക്കി’, ടോക്കിയോ ഒളിമ്പിക്‌സില്‍ ജപ്പാന്റെ ‘പോസ്റ്റര്‍ ഗേള്‍’

ടോക്കിയോ ഒളിമ്പിക്‌സില്‍ ജപ്പാന്റെ ‘പോസ്റ്റര്‍ ഗേള്‍’ രക്താര്‍ബുദ ബാധിതയായ റിക്കാക്കോ ഇക്കിയാണ്. മാരക രോഗം ഇകിയെ കാര്‍ന്നുതിന്നുകയാണെന്ന യഥാര്‍ത്ഥ്യം നീന്തല്‍ക്കുളത്തിലെ എതിരാളികളെ പോലും കണ്ണീരണിയിക്കുകയാണ്.

നീന്തല്‍ക്കുളത്തിലെ സ്വര്‍ണമത്സ്യമാണ് റിക്കാക്കോ ഇക്കിയെന്ന 20 കാരി.2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ നീന്തല്‍ക്കുളത്തില്‍ നിന്നും ഇക്കി മുങ്ങിയെടുത്തത് ആറ് സ്വര്‍ണമാണ്. റിലെയിലെ രണ്ട് വെള്ളി മെഡല്‍ അടക്കം അവിസ്മരണീയ പ്രകടനത്തിലൂടെ ഈ ജപ്പാന്‍കാരി നേടിയത് ആകെ എട്ട് മെഡലുകള്‍.

പാന്‍ പസഫിക് ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെയായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇക്കിയുടെ മെഡല്‍ക്കൊയ്ത്ത്. അസാമാന്യ പ്രകടനം കണക്കിലെടുത്ത് ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ മികച്ച അത് ലറ്റിനുള്ള പുരസ്‌കാരവും ഇക്കിയെ തേടിയെത്തി. നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കെ 2019 ലാണ് ഇക്കിക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചത്.

അതോടെ 2020ലെ ഒളിമ്പിക്‌സ് എന്നത് സ്വപ്നം മാത്രമായി. ഇക്കിയുടെ മികവറിഞ്ഞ പരിശീലകരും കൂട്ടുകാരും പൂര്‍ണ പ്രോത്സാഹനം നല്‍കി.കൊവിഡ് മൂലം ഒളിമ്പിക്‌സ് ഒരു വര്‍ഷം നീട്ടിവച്ചത് തുണയായി. മാരകരോഗം ശരീരത്തെ കാര്‍ന്നുതിന്നുന്ന അവസ്ഥയ്ക്കിടയിലും ഈ ജപ്പാന്‍കാരി ഒളിമ്പിക്‌സ് യോഗ്യതയെന്ന സ്വപ്നം നേടിയെടുത്തു. ഒളിമ്പിക്‌സിന് വേണ്ടി ഒരുക്കിയ നീന്തല്‍ക്കുളത്തില്‍ 100 മീറ്റര്‍ ബട്ടര്‍ ഫ്‌ലൈ വിഭാഗത്തില്‍ 57: 77 സെക്കന്‍ഡില്‍ ഒന്നാമതെത്തിയാണ് ഇക്കി ഫിനിഷിംഗ് ലൈന്‍ കടന്നത്.

ടോക്കിയോ വീണ്ടും ലോക കായിക മാമാങ്കത്തിന് ആതിഥ്യമരുളുമ്പോള്‍ റിക്കാക്കോ ഇക്കി തന്നെയാണ് ജപ്പാന്റെ പോസ്റ്റര്‍ ഗേള്‍. മരണത്തോട് മല്ലിടുന്ന ഇക്കി നീന്തല്‍ക്കുളത്തില്‍ സ്വന്തം രാജ്യത്തിനായി മെഡല്‍ നേടാന്‍ ജീവന്‍മരണ പോരാട്ടത്തിനൊരുങ്ങുമ്പോള്‍ കണ്ണീര്‍ വാര്‍ക്കുകയാണ് എതിരാളികള്‍ പോലും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here