കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; പ്രതികള്‍ക്ക് ബംഗളുരു സംഘത്തിന്റെ സഹായം ലഭിച്ചതായി പൊലീസ്

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പ്രതികള്‍ക്ക് ബംഗളുരു സംഘത്തിന്റെ സഹായം ലഭിച്ചതായി പൊലീസ്. ബംഗളുരു സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലപ്പുറം സ്വദേശി ഇബ്രാഹിമിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി. കോഴിക്കോട് കേസില്‍ പിടിയിലാകാനുള്ള പ്രതികള്‍ക്കായും തിരച്ചില്‍ ഊര്‍ജിതം.

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ ബാംഗലുരു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ബംഗലുരുവില്‍ കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് കോഴിക്കോട്ടെ എക്‌സ്ചേഞ്ചുമായി ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. വിശദമായ അന്വേഷണത്തിനായി ബംഗളുരു കേസില്‍ അറസ്റ്റിലായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മലപ്പുറം സ്വദേശി ഇബ്രാഹിമിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി.

ഇബ്രാഹിമിനെ കോഴിക്കോട് കേസിലും പ്രതിചേര്‍ത്തു. വിശദമായ ചോദ്യം ചെയ്യലിനായി ഉടന്‍ കേരളത്തിലെത്തിക്കും. കോഴിക്കോട് സിറ്റി ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോഴിക്കോട് കേസില്‍ പിടിയിലായ ജുറൈസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബംഗലുരു ബന്ധം വ്യക്തമായത്.

ഇബ്രാഹിമുമായി കോഴിക്കോട് കേസില്‍ പിടിയിലാകാനുള്ള മുഖ്യ പ്രതികളായ ഷബീര്‍, കൃഷ്ണപ്രസാദ് എന്നിവര്‍ക്കുള്ള ബന്ധവും സ്ഥിരീകരിച്ചു. ബംഗലുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് കോഴിക്കോട് സെന്ററുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

സ്വര്‍ണ്ണക്കടത്ത്, ഹവാല ഇടപാട് എന്നിവയ്ക്ക് സമാന്തര ടെലിഫോണ്‍ സംവിധാനം ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സേഞ്ചുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷബീര്‍, കൃഷ്ണപ്രസാദ് എന്നീ പ്രതികള്‍ ഒളിവില്‍ കഴിയുന്നത് ബംഗലുരുവില്‍ ആകാമെന്ന സംശയം ഉള്ളതിനാല്‍ കര്‍ണ്ണാടക പൊലീസുമായി ബന്ധപ്പെട്ടും ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here