കുടിശിക പുനഃപരിശോധിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം സുപ്രീംകോടതി തള്ളി

സ്പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിലുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. എയർടെൽ, വോഡാഫോൺ, ടാറ്റ ടെലി സർവീസസ് എന്നീ കമ്പനികളാണ് ആവശ്യമുന്നയിച്ചു സുപ്രിംകോടതിയെ സമീപിച്ചത്.

എന്നാൽ ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ടെലികോം കമ്പനികളുടെ  വാദമുഖങ്ങൾ തള്ളുകയായിരുന്നു. എയർടെല്ലിന് 43,000 കോടി രൂപയും, വോഡാഫോണിന് 58,000 കോടിയുമാണ് കുടിശികയുള്ളത്. ഇത് പുനഃപരിശോധിക്കനമെന്നായിരുന്നു ആവശ്യം.

നിലവിൽ 18,000 കോടി രൂപ മാത്രമാണ് കുടിശികയെന്ന് എയർടെല്ലും, 25,000 കോടി രൂപ മാത്രമാണ് കുടിശികയെന്ന് വോഡാഫോണും വാദിച്ചിരുന്നു. കുടിശ്ശിക നൽകുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി 10 വർഷത്തെ സമയം അനുവദിച്ചിരുന്നു. അതിനുശേഷമാണ് മൂന്ന് ടെലികോം കമ്പനികൾ ജൂലായ് 19ന് വീണ്ടുംകോടതിയെ സമീപിച്ചത്.

കണക്കുകളിൽ പിശകുകളുണ്ടാകാമെന്നും അത് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് വോഡാഫോൺ ഐഡിയയാണ് പ്രധാനമായും രംഗത്തുവന്നത്.

എജിആർ കുടിശ്ശിക വിഷയത്തിൽ പുനഃപരിശോധന നടത്തില്ലെന്നും ഇക്കാര്യത്തിൽ തർക്കമുന്നയിക്കാൻ കമ്പനികളെ അനുവദിക്കില്ലെന്നും സുപ്രീംകോടതിയിൽ ടെലികോം വകുപ്പ് സത്യവാങ്മൂലം നൽകിയിരുന്നു.

ടെലികോം കമ്പനികൾക്കുമേൽ കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ചുമത്തുന്ന സ്‌പെക്ട്രം യൂസേജ് ഫീസും ലൈസൻസ് ഫീസും ഉൾപ്പെടുന്നതാണ് എജിആർ. വിവിധ കമ്പനികൾ ഈയിനത്തിൽ 1.6 ലക്ഷം കോടി രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here