കൊടകര കുഴല്പണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ചു. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകന്‍ അടക്കം 216 പേര്‍ കൂടി സാക്ഷി പട്ടികയിലുണ്ട്.

മൊഴിയെടുപ്പിക്കാന്‍ വിളിച്ച എല്ലാ നേതാക്കളെയും സാക്ഷിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കേസില്‍ അന്വേഷണം തുടരുമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണം. കള്ളപ്പണ ഉറവിടം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി വേണം. തട്ടിയെടുത്ത പണം കണ്ടെത്താന്‍ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

കവര്‍ച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കേസില്‍ നിഗൂഢമായ ഒരുപാട് കാര്യങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ചില പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്. കുഴല്‍പ്പണത്തിന്റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കൊടകര കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയ ഉത്തരവിലായിരുന്നു ഈ പരാമര്‍ശങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News