മഹാരാഷ്ട്രയില്‍ മഴക്കെടുതി; റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 മരണം

മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയില്‍ മൂന്ന് ഇടങ്ങളിലായി നടന്ന മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരങ്ങളില്‍ അറിയാന്‍ കഴിഞ്ഞത്. 30 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. സത്താരയില്‍ മറ്റൊരു മണ്ണിടിച്ചില്‍ 12 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയോട് ചേര്‍ന്നുള്ള ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടിരിക്കയാണ്. മുംബൈയിലെ ഗോവണ്ടിയില്‍ ഒരു വീട് തകര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇത് കൂടാതെ ചിപ്ലൂണില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിയ 56 ഗ്രാമീണരെ കന്നുകാലികളോടൊപ്പം രക്ഷപ്പെടുത്തി. കനത്തമഴയെത്തുടര്‍ന്ന് വാഷിഷ്ടി നദി കരകവിഞ്ഞൊഴുകി കൊങ്കണ്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ ഈ പ്രദേശം പൂര്‍ണമായും വെള്ളത്തിനിടിയിലാണ്.

കഴിഞ്ഞ അമ്പത് വര്‍ഷത്തിനുള്ളില്‍ ചിപ്ലുണില്‍ ഇത്തരത്തില്‍ ഒരു വെള്ളപ്പൊക്കമുണ്ടാകുന്നത് ഇതാദ്യമാണെന്ന് പ്രദേശവാസികള്‍ അറിയിച്ചത്. കഴിഞ്ഞ 12 ദിവസം പെയ്യുന്ന മഴ ബുധനാഴ്ച രാത്രി കനത്തതോടെയാണ് ഇത്രയധികം വെള്ളം ഉയരാന്‍ കാരണം. ഒട്ടേറെ മലയാളികളുടെ വീടുകളിലാണ് വെള്ളം കയറിയത്. നൂറുകണക്കിന് വാഹനങ്ങളും വെള്ളത്തിനടിയിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here