ലിംഗമാറ്റ ശസ്ത്രക്രിയ: പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കും

ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ വെക്കാൻ തീരുമാനം. അനന്യകുമാരിയുടെ മരണത്തെ തുടർന്ന് ഇന്ന് ട്രാൻസ്ജെന്റർ സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്ത യോഗത്തിലാണ് തീരുമാനം. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് ട്രാൻസ്ജെന്റർ ജസ്റ്റിസ് ബോർഡ് യോഗം വിളിച്ചത്.

ലിംഗമാറ്റ ശസ്ത്രക്രിയ, അനുബന്ധ സേവനം എന്നിവക്ക് പൊതുമാനദണ്ഡം തയ്യാറാക്കാനും യോഗത്തിൽ ധാരണയായി. നിലവിൽ സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകൾ നടന്നു വരുന്നത്. ഇതിൽ ചികിത്സാ രീതികൾ, ചികിത്സ ചിലവ്, തുടർ ചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം നിലവിലുള്ളതായി കാണുന്നില്ലെന്ന് യോഗം വിലയിരുത്തി.

സർക്കാർ മേഖലയിൽ ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകി ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നതിനും, ലിംഗമാറ്റ ശസ്ത്രക്രിയകൾ, അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ ട്രാൻസ്ജൻഡർ സമൂഹത്തിന് ഏറ്റവും അനുകൂലമായ രീതിയിൽ ലഭ്യമാക്കുന്നതിനെ കുറിച്ചും ഇതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിക്കും.

ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതും, സർക്കാരിന്റെ ഭവന പദ്ധതിയിൽ മുൻഗണനാ വിഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികളെ ഉൾപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് പരിശോധിക്കുന്നതിനും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.

പാഠ്യപദ്ധതികളിലും അദ്ധ്യാപക വിദ്യാർഥികളുടെ കരിക്കുലത്തിലും ട്രാൻസ്ജെന്റർ സമൂഹവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന് സഹായകരമായ പാഠ്യപദ്ധതികൾ ഉൾപ്പെടുത്തുന്നത് പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

അനന്യ കുമാരി അലക്സിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സാമൂഹ്യനീതി ഡയറക്ടർ, ബോർഡിലെ ട്രാൻസ് പ്രതിനിധികൾ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News