നീലച്ചിത്ര നിർമ്മാണം; ശിൽപ ഷെട്ടിയുടെ മൊഴിയെടുത്തു

നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ നടി ശിൽപ ഷെട്ടിയുടെ മൊഴിയെടുത്തു. ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ സാഹചര്യത്തിലാണ് ശിൽപ ഷെട്ടിയുടെ മൊഴി മുംബൈ പോലീസ് ഇന്ന് രേഖപ്പെടുത്തിയത്.

നടിക്ക് ഭർത്താവ് രാജ് കുന്ദ്രയുടെ ബിസിനസുമായി യാതൊരു ബന്ധവുമില്ലെന്നാണ് മുംബൈ പൊലീസിന് നൽകിയ മൊഴി.വ്യവസായി രാജ് കുന്ദ്രയുടെ ഹോട്ട്‌ഷോട്ട് ആപ്പ് ഉൾപ്പെട്ട അശ്ലീല സിനിമാ റാക്കറ്റ് കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസിന്റെ സംഘം കേസുമായി ബന്ധപ്പെട്ടാണ് ബോളിവുഡ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

കുന്ദ്രയുടെ പൊലീസ് കസ്റ്റഡി ജൂലൈ 27 വരെ നീട്ടി. ഇതിനെതിരെ രാജ് കുന്ദ്ര ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ ജൂഹു വസതി പൊലീസ് സംഘം സന്ദർശിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച നീലച്ചിത്ര നിർമ്മാണ റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം ജൂലൈ 20 ന് രാജ് കുന്ദ്രയെ അറസ്റ്റു ചെയ്തതോടെയാണ് വലിയ വിവാദത്തിലായത്. രാജ് കുന്ദ്രയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള യുകെ ആസ്ഥാനമായുള്ള കമ്പനി വഴിയാണ് നീലച്ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിരുന്നത്. സിനിമാ മോഹവുമായെത്തുന്ന പുതുമുഖ നടികളെ ചൂഷണം ചെയ്താണ് ചിത്രങ്ങൾ നിർമ്മിച്ചിരുന്നത്. വിസമ്മതം പ്രകടിപ്പിക്കുന്ന പെൺകുട്ടികളെ ബ്ലാക്‌മെയിൽ ചെയ്താണ് വശത്താക്കിയിരുന്നത്.

കേസിൽ പ്രധാന പ്രതിയാണ് കുന്ദ്ര.കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. ശിൽപ ഷെട്ടിയുടെ പ്രത്യക്ഷമായ പങ്ക് കണ്ടെത്താനായില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. നീല ചിത്രങ്ങൾ നിർമിച്ചതിനും അവ മൊബൈൽ ആപുകൾ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

ഇതിനിടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെ നടി പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. “ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല.” അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ വാക്കുകൾ കടമെടുത്തായിരുന്നു സംഭവത്തിൽ ശിൽപയുടെ ആദ്യ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here