എണ്ണവ്യാപാരത്തിലെ സുപ്രധാന ചുവടു വയ്പ്: ഇറാന്‍ കപ്പലുകള്‍ക്ക് പുതിയ ടെര്‍മിനല്‍

എണ്ണ കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കി ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി പുതിയ ടെര്‍മിനല്‍ തുറന്നതിലൂടെ ഇറാന്റെ എണ്ണ വിപണനം ഗണ്യമായി വര്‍ധിക്കും എന്നാണ് വിലയിരുത്തല്‍. ഉപരോധം മറികടന്ന് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ എണ്ണ വില്‍ക്കാന്‍ ഇറാന്‍ തുനിയുമെന്ന ആശങ്കയിലാണ് അമേരിക്ക. ഗള്‍ഫ് ഓഫ് ഒമാനിലാണ് ഇറാന്‍ ആദ്യ ഓയില്‍ ടെര്‍മിനല്‍ തുറന്നത്.

പ്രസിഡന്റ് പദവിയില്‍ നിന്ന് വിരമിക്കുന്ന ഹസന്‍ റൂഹാനിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഹോര്‍മൂസ് കടലിടുക്ക് മറികടന്ന് ഗള്‍ഫ് ഓഫ് ഒമാന്‍ മുഖേന ഇറാന്റെ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയാക്കിയ ഹോര്‍മുസ് കടലിടുക്ക് മുഖേനയുള്ള ഇറാന്റെ എണ്ണവ്യാപാരം പല ഘട്ടങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

സുപ്രധാന ചുവടു വയ്പ് എന്ന നിലയിലാണ് തെഹ്‌റാന്‍ പുതിയ പാതയെ നോക്കി കാണുന്നത്. ഇറാന് ഇനി സുരക്ഷിതമായി എണ്ണ കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്ന് റൂഹാനി പ്രതികരിച്ചു. 100 ടണ്‍ എണ്ണയുമായി ഇറാന്റെ എണ്ണകപ്പല്‍ പുതിയ റൂട്ടിലൂടെ സഞ്ചാരം ആരംഭിക്കുകയും ചെയ്തു. ദിനംപ്രതി 10 ലക്ഷം ബാരല്‍ എണ്ണ പുതിയ പാതയിലൂടെ കയറ്റുമതി ചെയ്യാനാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. ഹോര്‍മുസ് കടലിടുക്കിന് തെക്കായി ഗള്‍ഫ് ഓഫ് ഒമാനിലെ ജാസ്‌ക് തുറമുഖത്തിനു സമീപമാണ് പുതിയ ടെര്‍മിനല്‍.

അടുത്തിടെ ചൈനക്ക് വന്‍തോതില്‍ എണ്ണ വിറ്റതായ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇറാനു മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ആണവ കരാര്‍ സംബന്ധിച്ച വിയന്ന ചര്‍ച്ചയെ പുതിയ സംഭവവികാസങ്ങള്‍ ബാധിക്കില്ലെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel