പെഗാസസിനായി ഒഴുക്കുന്നത് കോടികള്‍: ഒരു ഫോണ്‍ ചോര്‍ത്താന്‍ വേണ്ടത് ആറ് കോടി രൂപ വരെ

ഇസ്രയേലിലെ എൻ.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ് വെയറിലൂടെ വിവരങ്ങൾ ചോർത്തിയെടുക്കാൻ ഇന്ത്യ ഉൾപ്പെടെയള്ള രാജ്യങ്ങൾ ചെലവഴിക്കുന്നത് വൻതുക. ഒരു ഫോണിൽനിന്ന് നിശ്ചിതകാലയളവിലേക്ക് വിവരം ചോർത്താൻ ശരാശരി അഞ്ച് മുതൽ ആറ് കോടി രൂപവരെയാകുമെന്നാണ് റിപ്പോർട്ടുകൾ.

സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യൽ, വിവരക്കൈമാറ്റം, പരിപാലന ചെലവ് എന്നിങ്ങനെ മൂന്ന് തലത്തിലാണ് വിവരം ചോർത്തലിന് പണം ഈടാക്കുന്നത്.ചോർത്തുന്ന ഫോണുകളുടെ എണ്ണത്തിനനുസരിച്ച് ഒരു നിശ്ചിത കാലയളവിലേക്കാണ് തുക നൽകേണ്ടത്. അതിനുശേഷം പുതുക്കാൻ വീണ്ടും വൻതുക നൽകണം.

പെഗാസസ് സോഫ്റ്റ് വെയർ ഒരു ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ മാത്രം വാങ്ങുന്നത് അഞ്ച് ലക്ഷം ഡോളറാണ് (3.72 കോടി രൂപ). ഫോണിലെ വിവരങ്ങൾ ലഭിക്കാൻ വേറെ പണം നൽകണം.ഫോണുകൾ അനുസരിച്ച് വിവര വിലയിൽ വ്യത്യാസമുണ്ട്. പത്ത് ഐ ഫോൺ, ആൻഡ്രോയിഡ് ഫോൺ എന്നിവയിൽ നിന്ന് ചോർത്തിയ വിവരം ലഭിക്കാൻ 6.5 ലക്ഷം ഡോളറാണ് (4.83 കോടി രൂപ). അതേസമയം അഞ്ച് ബ്ലാക്ക്ബെറി പാക്കേജിന് 5 ലക്ഷം ഡോളറും (3.72 കോടി രൂപ) അഞ്ച് സിംബിയൻ ഫോണിന് 3 ലക്ഷം ഡോളറും (2.23 കോടി രൂപ) നൽകണം.

ഇന്ത്യയിൽ 2017 മുതൽ 2019 വരെ പുറത്തു വന്ന കണക്ക് പ്രകാരം ഏകദേശം മുന്നൂറോളം പേരുടെ ഫോൺ ചോർത്തിയിട്ടുണ്ട്. 300 ഫോൺ നിശ്ചിത കാലയളവിലേക്ക് ചോർത്താൻ കുറഞ്ഞത് 1500 കോടി രൂപയെങ്കിലും വേണം.40 രാജ്യത്തായി 60 ഉപയോക്താക്കളാണ് പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിക്കുന്നത്. ഇതിൽ 51 ശതമാനവും ചാര സംഘടനകളാണ്. 38 ശതമാനം സുരക്ഷാ ഏജൻസികളും 11 ശതമാനം സൈന്യവുമാണ്.

ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ് വെയർ പ്രോഗ്രാമാണ് പെഗാസസ്. മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി പാസ്വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങൾ, വന്നതും അയച്ചതുമായ മെസേജുകൾ, ക്യാമറ, മൈക്രോഫോൺ, സഞ്ചാരപഥം, ജി.പി.എസ് ലൊക്കേഷൻ തുടങ്ങി മുഴുവൻ വിവരവും ചോർത്താൻ ഇതിലൂടെ സാധിക്കും.

16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐഫോൺ , ആൻഡ്രോയിഡ് ഫോണുകളിൽ പെഗാസസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ, ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം.പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങൾ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോർത്തിയത് എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.

പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോർത്തപ്പെട്ടത്.2019ലാണ് പെഗാസസ് സോഫ്റ്റ് വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്.

20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് യു.എസ്. ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോർത്തൽ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാർത്തകൾ വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News